ബിഹാര്‍ എം പി പപ്പു യാദവ് അറസ്റ്റിൽ. 31 വർഷം പഴക്കമുള്ള വ്യാജ രേഖ ചമയ്ക്കൽ കേസിലാണ് അറസ്റ്റ്. 1995ൽ ഗാർഡാനിബാഗിൽ രജിസ്റ്റർ ചെയ്ത വസ്തു തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
തന്റെ വീട് വഞ്ചനാപരമായി വാടകയ്ക്കെടുത്ത് എംപി ഓഫീസ് ആക്കി മാറ്റിയെന്ന വിനോദ് ബിഹാരി ലാൽ എന്ന വ്യക്തിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി പട്നയിലെ വസതിയിൽ വെച്ചാണ് പപ്പു യാദവിനെ അറസ്റ്റ് ചെയ്തത്. എംപി/എംഎൽഎ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. അറസ്റ്റിന് പിന്നാലെ പപ്പു യാദവിന്റെ അനുയായികളും പൊലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി.
അറസ്റ്റിന് ശേഷം ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് പപ്പു യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.
















