എറണാകുളം മുളന്തുരുത്തിയിൽ പ്രണയനൈരാശ്യത്തെ തുടർന്ന് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിന് രക്ഷപെടുത്തി സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ. ഖത്തറിലെ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലിചെയ്തിരുന്ന 25 വയസ്സുകാരനായ പേരാമ്പ്ര സ്വദേശിയാണ് ആമ്പല്ലൂരിലെ റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.
യുവാവ് കുറച്ചു വർഷങ്ങളായി കാഞ്ഞിരമറ്റത്തുള്ള ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. കുറച്ച ദിവസങ്ങൾക്ക് മുമ്പ് യുവതി ഈ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.
യുവാവ് ഇന്നലെ യുവതിയുടെ വീട്ടിൽ എത്തുകയും ചോക്ലേറ്റ് പാക്കറ്റ് ഒക്കെ വലിച്ചെറിയുകയും ചെയ്ത ശേഷം തിരികെ പോയി. ഇതിൽ സംശയം തോന്നിയ പെൺകുട്ടിയുടെ വീട്ടുകാർ മുളന്തുരുത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ മുളന്തുരുത്തിയിലെ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ ആർ. രജീഷ് യുവാവിനെ തിരക്കി എവിടെയാണെന്ന് മനസിലാക്കുകയും അവിടേക്ക് പെട്ടന്ന് എത്തുകയും സമയോചിതമായ ഇടപെടലിൽ യുവാവിന്റെ ജീവൻ രക്ഷിക്കുകയുമായിരുന്നു.
















