കൊച്ചി: ചെന്നൈയിൽ ലഹരിമരുന്നുമായി പിടിയിലായ നടി താനാണെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരണവുമായി നടി അഞ്ജു കൃഷ്ണ അശോക് രംഗത്ത്. തന്റെ പേരുമായി സാമ്യമുള്ളതിനാൽ മാധ്യമങ്ങളും സോഷ്യൽ മീഡിയ പേജുകളും തന്റെ ഫോട്ടോകൾ ദുരുപയോഗം ചെയ്യുന്നത് തനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നുവെന്ന് യുവനടി വ്യക്തമാക്കി.
പിടിയിലായ അഞ്ജു കൃഷ്ണ താനല്ലെന്നും, കേവലം പേര് സാമ്യമുള്ളതിനാൽ തന്റെ ചിത്രങ്ങൾ ടാഗ് ചെയ്ത് വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും നടി അഭ്യർത്ഥിച്ചു. തന്റെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണം. അല്ലാത്തപക്ഷം കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നടി മുന്നറിയിപ്പ് നൽകി.
ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു കൃഷ്ണ അശോക് വെള്ളിത്തിരയിൽ എത്തുന്നത്. പ്രതി പൂവന്‍കോഴി, കുഞ്ഞെല്‍ദോ, രമേശ് ആന്‍ഡ് സുമേഷ്, പുറത്തിറങ്ങാനിരിക്കുന്ന കായ്‌പ്പോള എന്നീ ചിത്രങ്ങളിലും അഞ്ജു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായ ഇവർ പല മാഗസീനുകളും കവർ ഗേൾ ആയി എത്തിയിരുന്നു.
രഹസ്യവിവരത്തെത്തുടർന്ന് ചെന്നൈ പോലീസിലെ മഫ്തി സംഘം നടത്തിയ പരിശോധനയിലാണ് നടി അഞ്ജു കൃഷ്ണയടക്കം എട്ടുപേർ പിടിയിലായത്. നടി അഞ്ജു കൃഷ്ണ, സഹസംവിധായിക വിൻസി നിവേദ, ലഹരി ഇടപാടുകാരൻ വെങ്കിടേശ് കുമാർ എന്നിവരടക്കം എട്ടുപേരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് മെത്താഫിറ്റമിൻ, ഒജി കഞ്ചാവ്, എൽഎസ്‍ഡി സ്റ്റാമ്പ് തുടങ്ങിയ മാരക ലഹരിമരുന്നുകൾ കണ്ടെടുത്തിരുന്നു. ജോജു ജോർജ് നായകനായ ‘ആരോ’ എന്ന സിനിമയിലും തമിഴ് ചിത്രം ‘വെള്ളിമലൈ’യിലും അഭിനയിച്ച അഞ്ജു കൃഷ്ണയാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇവരെ കോടതി റിമാൻഡ് ചെയ്തു.
















