ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്ന് അപേക്ഷ പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേൾക്കുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. കേസിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച അന്വേഷണസംഘം ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു.
അതേസമയം ലൈംഗിക ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
















