ഉത്തർപ്രദേശിൽ ടുബാക്കോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥന്റെ മകൻ തന്റെ ആഡംബരകാറിൽ അമിതവേഗത്തിൽ നിയന്ത്രണംവിട്ട് വഴിയാത്രികരെയും ഔട്ടോറിക്ഷയേയും ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ചു. ശതകോടീശ്വരനും ബംശീധർ ടുബാക്കോ പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ കെ.കെ. മിശ്രയുടെ മകൻ ശിവം മിശ്ര ഓടിച്ച ലംബോർഗിനിയാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ ആറു പേർക്ക് സാരമായ പരിക്കേറ്റു.
ഞായറാഴ്ച ഉച്ചക്ക് ഉത്തർ പ്രദേശിലെ കാൺപുരിൽ വെച്ചായിരുന്നു സംഭവം നടക്കുന്നത്. ശിവം മിശ്ര ഓടിച്ച വാഹനം ആദ്യം ഒരു ഓട്ടോറിക്ഷയിലും പിന്നീട് ഒരു റോയൽ എൻഫീൽഡ് ബൈക്കിലും ഇടിച്ചു. ബൈക്കിനേറ്റ ഇടിയിൽ അതിലുണ്ടായിരുന്ന ആൾ പത്തുമീറ്ററോളം ഉയർന്ന് തെറിച്ചു വീണു.
എന്നിട്ടും വാഹനം നിർത്താതെ ബൈക്കിന്റെ മുൻചക്രം കാറിൽ കുടുങ്ങിയതോടെ അതിനെ വലിച്ചിഴച്ച് കുറച്ചുദൂരം മുൻപോട്ടു പോയ ശേഷം ലംബോർഗിനി ഒരു വൈദ്യുതത്തൂണിൽ ഇടിച്ചുനിൽക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
എന്നാൽ കഴിഞ്ഞ ആറുമാസമായി ശിവത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും വാഹനം ഓടിച്ച സമയത്തു അപസ്മാരം ഉണ്ടായതാണ് അപകടത്തിന് കാരണം എന്നും കുടുംബം ആരോപിക്കുന്നു. പക്ഷെ അപകട സമയത്തു ശിവം മദ്യലഹരിയിൽ ആയിരുന്നു. അപകടത്തിന് പിന്നാലെ പോലീസ് വാഹനം പിടിച്ചെടുക്കുകയും ശിവം അടക്കം അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
















