നടൻ ബിജു മേനോൻ കരാർ പ്രകാരമുള്ള പ്രൊമോഷനിൽ പങ്കെടുക്കാത്തതിനെതിരായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ രംഗത്ത്. സിനിമയിൽ അഭിനയിച്ച ശേഷം പ്രൊമോഷന് പങ്കെടുക്കാത്തതിനാൽ നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്ന് ബി. ഉണ്ണികൃഷ്ണൻ കൊച്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
‘മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രൊമോഷന് പോവാത്തതുകൊണ്ട് ഒരു നിർമാതാവിന്, അദ്ദേഹം ഒരു സംവിധായകൻ കൂടിയാണ്, കൂടാതെ ഞങ്ങളുടെ അംഗവുമാണ്, അദ്ദേഹത്തിന് 25 ലക്ഷം രൂപയാണ് ചാനലിൽനിന്ന് കിട്ടാനുള്ള തുകയിൽ കുറഞ്ഞത്.
അതേ നടൻ, ജീത്തു ജോസഫ് സംവിധാനംചെയ്ത സിനിമയിലും പ്രൊമോഷന് പോയിട്ടില്ല. ഞാൻ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. പേരുപറയാൻ മടിയുള്ള ആളല്ല ഞാൻ. പ്രൊമോഷൻ എന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ’, ബി. ഉണ്ണികൃഷ്ണൻ ചോദിച്ചു.
‘പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറിൽ ഒപ്പിട്ട ശേഷം പോവാതിരിക്കുക. അതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടപ്പെടുക. ഇപ്പോൾ വന്ന സിനിമയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു.
















