പഞ്ചാബിൽ സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം വിദ്യാർഥി സ്വയം വെടിവെച്ചു. ഒന്നാം വർഷ നിയമ വിദ്യാർഥിയായ ജലന്ധർ ജില്ലയിലെ മല്ലിയൻ സ്വദേശി പ്രിൻസ് രാജാണ് സഹപാഠിയായ സന്ദീപ് കൗറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
പെൺകുട്ടിയെ വെടിവെച്ചു കൊന്ന ശേഷം അതേ തോക്കുപയോഗിച്ച് മൂന്ന് സെക്കൻഡ് വ്യത്യാസത്തിലാണ് വിദ്യാർഥി സ്വയം വെടിവെച്ചത്. ആക്രമണത്തിൽ പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പഞ്ചാബിലെ തർൺ തരൺ ജില്ലയിലെ ഉസ്മ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. പരസ്പരം നടക്കുന്ന തർക്കത്തിൽ ദേഷ്യം വന്ന യുവാവ് പെൺകുട്ടിയെ വെടിവെക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്ലാസ്റൂമിലെ സിസിടിവിയിൽ വെക്തമായി കാണാം.
കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രണയപ്പകയാണോ അതോ മറ്റെന്തെങ്കിലും തർക്കങ്ങളാണോ ഇതിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
















