വ്യോമസേനയ്ക്കായി നിലവിലുള്ള 36 റഫാല്‍ വിമാനങ്ങൾക്ക് പുറമെ 114 ഫ്രഞ്ച് നിർമിത റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ തീരുമാനിച്ചു ഇന്ത്യ. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം ഈ ആഴ്ച അനുമതി നൽകുമെന്നാണ് റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ കരാർ ആയിരിക്കും ഇത്.
വ്യോമസേനയുെട മൾട്ടി റോൾ ഫൈറ്റർ എയർക്രാഫ്റ്റ് പ്രോഗാമിന്റെ ഭാഗമായാണ് പുതിയ റഫാൽ വിമാനങ്ങൾക്ക് കൂടി ഇന്ത്യ ഓർഡർ ചെയ്യുന്നത്. ഫെബ്രുവരി 19,20 തീയതികളിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇന്ത്യാ സന്ദർശനം നടത്തും. ഇതിനു മുന്നോടിയായി കരാറിന് അന്തിമരൂപം നൽകുമെന്നാണ് സൂചന.
‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി പുതിയ കരാർ പ്രകാരമുള്ള 114ൽ 100 റഫാൽ വിമാനവും ഇന്ത്യയിൽ തന്നെ നിർമിക്കാനാണ് സാധ്യത. 114 വിമാനങ്ങൾ കൂടി ഇന്ത്യയ്ക്ക് ലഭിക്കുന്നതോടെ ലോകത്ത് ഫ്രാൻസ് കഴിഞ്ഞാൽ ഏറ്റവും അധികം റഫാൽ വിമാനങ്ങളുള്ള വ്യോമസേനയായി ഇന്ത്യൻ വ്യോമസേന മാറും.
















