ബിജു മേനോന്‍ സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളോട് സഹകരിക്കുന്നില്ലെന്ന് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ ഉയർത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചർച്ച ചൂടുപിടിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ വേറിട്ട പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. ‘തനിനിറ’ത്തിന്റെ പ്രമോഷൻ വേളയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘സിനിമ പ്രമോഷൻ എന്ന വിഷയത്തിന് പല അടരുകളുണ്ട്. എന്താണ് പ്രമോഷൻ? ഒരു ഏഴു പേർ വട്ടം കൂടിയിരുന്ന് വലിയൊരു ചാനലിന് അഭിമുഖം നൽകുന്നതാണോ ഒരു സിനിമയുടെ പ്രമോഷൻ, അതാണെങ്കിൽ എനിക്കൊരു ഉത്തരമുണ്ട്. അങ്ങനെ ആണെങ്കിൽ ഇവിടെ ഇറങ്ങുന്ന പല സിനിമകൾക്കും ആദ്യദിവസം നിറയെ ആളാണ് വരണമല്ലോ. ഓൺലൈൻ ഇന്റർവ്യൂകളിൽ പ്രഗൽഭരായ പല നടന്മാരുടെയും സിനിമകൾ ഇത്തരത്തിൽ പ്രമോട്ട് ചെയ്യപ്പെടുന്നുണ്ടല്ലോ, അങ്ങനെയെങ്കിൽ ആ സിനിമകൾക്കെല്ലാം ആദ്യദിവസം തന്നെ തിയേറ്ററിൽ വലിയ തിരക്ക് അനുഭവപ്പെടേണ്ടതല്ലേ? പക്ഷേ പലപ്പോഴും അത് സംഭവിക്കാറില്ല.
അതുകൊണ്ട് തന്നെ, പ്രമോഷൻ കൊണ്ട് മാത്രം ഒരു സിനിമ വർക്ക് ആകുമെന്ന് എനിക്ക് തോന്നുന്നില്ല. പ്രൊമോഷനേക്കാളേറെ ഒരു സിനിമ വിജയിക്കുന്നത് അതിന്റെ മൂല്യം കൊണ്ടാണ്. സിനിമ റിലീസ് ആയതിന് ശേഷം വേണം യഥാർഥ പ്രമോഷൻ തുടങ്ങേണ്ടതെന്നാണ് എന്റെ വ്യക്തിപരമായ വിശ്വാസം. അന്ന് വൈകുന്നേരം തുടങ്ങുണം . പടം ഇറങ്ങുന്നുണ്ട് എന്ന് എല്ലാവരെയും അറിയിക്കാൻ വേണ്ടി മാത്രം ഒരുപാട് പേർ വട്ടം കൂടിയിരുന്ന് മറ്റുള്ളവരുടെ സമയം കളയേണ്ട കാര്യമുണ്ടോ? ഇത്തരത്തിൽ കുറെ അഭിമുഖങ്ങൾ കൊടുത്തതുകൊണ്ട് മാത്രം ആളുകൾ സിനിമ കാണാൻ വരില്ല.
ഒരു സിനിമ കാണണമെന്ന് പ്രേക്ഷകർ തീരുമാനിക്കുന്നത് അതിന്റെ ട്രെയിലർ കണ്ടിട്ടാണ്. അതുകൊണ്ട് ട്രെയിലറാണ് ഏറ്റവും കൂടുതൽ പ്രൊമോട്ട് ചെയ്യപ്പെടേണ്ടത്. അല്ലാതെ ഇങ്ങനെ വന്നിരുന്ന് വർത്തമാനം പറയുമ്പോൾ ഓൺലൈൻ മാധ്യമങ്ങൾക്ക് നല്ല കണ്ടന്റ് കിട്ടും, നിങ്ങൾ ഹാപ്പിയാകും. ഉദാഹരണത്തിന് ഈ ഇന്റർവ്യൂ നോക്കൂ, ‘തനിനിറം’ എന്ന സിനിമയുടെ ഇന്റർവ്യൂവിൽ ആ പടത്തെക്കുറിച്ച് പറയുന്നതിനേക്കാൾ കൂടുതൽ എന്റെ വ്യക്തിപരമായ കാര്യങ്ങളും, പഴയ സിനിമകളും, ലാലേട്ടന്റെയും ജോഷി സാറിന്റെയും സിനിമകളെക്കുറിച്ചുള്ള കാര്യമാണ് ചർച്ചയായത്. ‘തനിനിറം’ മറന്നുപോയി. അപ്പോൾ സിനിമയുടെ പ്രമോഷൻ അവിടെ മറന്നുപോകുന്നു. ഇതാണോ ശരിക്കുമുള്ള പ്രമോഷൻ? ഒരിക്കലുമല്ല.
ഒരു ട്രെയിലർ ഇറങ്ങിയാൽ അത് പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം. ഒപ്പം പോസ്റ്ററുകളും ഹോർഡിങുകളും നിറഞ്ഞ പഴയ പരമ്പരാഗത രീതിയും വേണം. ഇപ്പോൾ പല പ്രൊഡ്യൂസർമാരും പോസ്റ്ററുകൾ അടിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി ഒട്ടിക്കപ്പെടുന്നില്ല. വിതരണ ഓഫിസുകളിൽ പോസ്റ്ററുകൾ കെട്ടിക്കിടക്കുകയാണ്. ആയിരം പോസ്റ്റർ കൊടുക്കുമ്പോൾ പരമാവധി ഇരുനൂറോളം പോസ്റ്ററുകൾ മാത്രമാണ് മതിലുകളിൽ ഒട്ടിക്കപ്പെടുന്നത്, ബാക്കി ഡിസ്ട്രിബ്യൂഷൻ ഓഫിസിൽ കെട്ടിക്കിടക്കുകയാണ്. അവിടങ്ങളിലൊക്കെയാണ് പ്രമോഷൻ യഥാർഥത്തിൽ നടക്കേണ്ടത്.
അഭിനേതാക്കൾ എന്ന നിലയിൽ കരാറിൽ ഒപ്പിടുമ്പോൾ നമ്മൾ പ്രമോഷന് വരുമെന്ന് സമ്മതിക്കാറുണ്ട്. പക്ഷേ, ആ കരാറിൽ ഏത് സമയത്ത് വരണമെന്ന് കൃത്യമായി പറയുന്നില്ല. ഉദാഹരണത്തിന്, സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഒരു നടൻ ജമ്മു കശ്മീരിലെ മിലിട്ടറി ഏരിയയിൽ മറ്റൊരു സിനിമയുടെ ഷൂട്ടിങിലാണെന്ന് കരുതുക. പത്തു ദിവസം മാത്രം അനുമതിയുള്ള ആ ലൊക്കേഷൻ ഉപേക്ഷിച്ച് വരാൻ അയാൾക്ക് കഴിയില്ല. അയാൾ അവിടെ വേണ്ടേ ? അവിടെ ലക്ഷങ്ങൾ മുടക്കി ഷൂട്ട് ചെയ്യുന്ന മറ്റൊരു പ്രൊഡ്യൂസർ അയാളെ വിട്ടയക്കില്ലല്ലോ. ചുരുക്കത്തിൽ, ഇതെല്ലാം പരസ്പരമുള്ള സ്നേഹത്തിലും വിശ്വാസത്തിലുമാണ് മുന്നോട്ട് പോകുന്നത്. പിന്നെ സിനിമയുടെ മൂല്യത്തിലാണ് കാര്യം.
പ്രൊഡ്യൂസർ സിനിമയ്ക്കും മാർക്കറ്റിങിനായി എത്രമാത്രം ഇൻവെസ്റ്റ് ചെയ്യുന്നു എന്നതും പ്രധാനം. പ്രൊഡ്യൂസറും ആർട്ടിസ്റ്റുകളും തമ്മിൽ അത്തരമൊരു സിംബയോട്ടിക് റിലേഷൻഷിപ്പ് ഉണ്ടാകുമ്പോൾ എല്ലാ ആർട്ടിസ്റ്റുകളും പ്രമോഷന് വരുന്നുണ്ട്. പ്രമോഷൻ നടക്കുന്ന സമയത്ത് മറ്റൊരു സിനിമയുടെ വർക്കിൽ ആണെങ്കിൽ ആ പ്രൊഡ്യൂസർ വിടുമോ, അയാൾ ലക്ഷങ്ങൾ മുടക്കി പടം ചെയ്യുന്നതല്ല. ഇക്കാര്യത്തിൽ കർക്കശമായ നിയമങ്ങളൊന്നുമില്ല; സങ്കീർണമായ ഒരു ചോദ്യവും അതിന് വൈവിധ്യമാർന്ന ഉത്തരങ്ങളുമുള്ള ഒരു വിഷയമാണിത്.” അനൂപ് മേനോൻ പറഞ്ഞു.
















