രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ, അഡ്വ. ദീപ ജോസഫ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് കേൾക്കുന്നത്.
തനിക്കെതിരെ കേസെടുത്തതിനെ ചോദ്യം ചെയ്താണ് ദീപ കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ, ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്റെ നേതാവാണെന്നും തങ്ങളെ നിരന്തരം വേട്ടയാടുകയാണെന്നും ആരോപിച്ച് കേസിലെ ആദ്യ പരാതിക്കാരി കോടതിയിൽ തടസ്സഹർജി നൽകിയിട്ടുണ്ട്.
ദീപ ജോസഫ് സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന ഗുരുതരമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.
യുക്രൈനിൽ നിന്നും ഫയൽ ചെയ്ത ഹർജിയിലെ രേഖകൾ എംബസി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഫേസ്ബുക്ക് പോസ്റ്റുകളുടെ വിവർത്തനത്തിൽ മാറ്റം വരുത്തിയെന്നും പരാതിക്കാരി അധിക സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
ദീപയുടെ സത്യവാങ്മൂലവും വക്കാലത്തും വ്യാജമാണെന്ന് ആരോപിക്കുന്ന ഈ പരാതി ഇന്നത്തെ കോടതി നടപടികളിൽ ഏറെ നിർണായകമാകും.
















