പണമുണ്ടാക്കാൻ എല്ലാവർക്കും തിടുക്കമാണ്, പക്ഷേ വിയർപ്പൊഴുക്കാൻ പലർക്കും മടിയും. ചുരുങ്ങിയ സമയം കൊണ്ട് കോടീശ്വരനാകാനുള്ള ഈ വെമ്പൽ പലരെയും എത്തിക്കുന്നത് കൊള്ളയിലും കൊലപാതകത്തിലുമാണ്. ‘പണത്തിനു മീതെ പരുന്തും പറക്കില്ല’ എന്ന ചൊല്ലിനെ അന്വർത്ഥമാക്കുംവിധം, വെറും കടലാസ് തുട്ടുകൾക്കായി മനുഷ്യൻ മൃഗമായി മാറുന്ന ക്രൂരത നമ്മൾ പലപ്പോഴും കാണാറുണ്ട്.
അത്തരമൊരു ആർത്തിയുടെ ഇരയായിരുന്നു 1990-ൽ കോഴിക്കോട് നഗരത്തെ നടുക്കിയ ആ സാധുവായ മനുഷ്യൻ. കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് തന്റെ മക്കളെ ഡോക്ടർമാരാക്കണമെന്ന വലിയ സ്വപ്നം മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാൽ, പതിനായിരം രൂപയ്ക്കും കുറച്ചു സ്വർണ്ണത്തിനും വേണ്ടി ആ സ്വപ്നങ്ങളെയും ആ ജീവനെയും ഒരു സംഘം വഴിയിൽ തല്ലിക്കെടുത്തി. ഒരു മനുഷ്യായുസ്സിന്റെ മുഴുവൻ പ്രതീക്ഷകളും വെറും നിമിഷങ്ങൾ കൊണ്ട് ഇല്ലാതാക്കിയ ആ കറുത്ത രാത്രിയുടെ കഥയാണിത്.
1990 ഫെബ്രുവരി മാസം. കോഴിക്കോട് മിട്ടായി തെരുവ് രാത്രി. അവിടെ ആയിരുന്നു സ്വർണ വ്യാപാരിയായ ചന്ദ്രൻ തന്റെ ഭാര്യയോടും മക്കളോടും ഒപ്പം സന്തോഷത്തോടെ താമസിച്ചിരുന്നത്. കഠിനാധ്വാനിയായിരുന്നു ചന്ദ്രൻ . ചന്ദ്രന്റെ അധ്വാനത്തിലൂടെ കമ്മത്ത് ലൈനിൽ അയാൾ ഒരു ചെറിയ സ്വർണ്ണക്കട ഉണ്ടാക്കി. അതിൽ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിച്ച് തന്റെ മക്കളെ രണ്ടുപേരെയും ഡോക്ടറാക്കണം എന്ന ചിന്തയായിരുന്നു അയാൾക്ക്.
അങ്ങനെ ജീവിച്ചിരിക്കെ ആയിരുന്നു ചന്ദ്രന്റെ ജീവിതം മാറി മറിയുന്നത്. പതിവ് പോലെ ആ ദിവസം കമ്മത്ത് ലൈനിലെ തന്റെ ചെറിയ സ്വർണ്ണക്കട പൂട്ടി, ചന്ദ്രൻ വീട്ടിലേക്ക് പോകാൻ ഇറങ്ങി. അന്നത്തെ കച്ചവടം കഴിഞ്ഞ് കിട്ടിയ പണവും വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങളും അടങ്ങിയ ഒരു കറുത്ത ബാഗ് നെഞ്ചോട് ചേർത്ത് പിടിച്ചായിരുന്നു അയാളുടെ വീട്ടിലേക്കുള്ള യാത്ര.
സാധാരണപോലെ സ്നേഹിതരോട് കുശലാന്വേഷണം നടത്തി അദ്ദേഹം ബസ് സ്റ്റോപ്പിലേക്ക് നടന്നു. കോട്ടൂളിയിലേക്കുള്ള ബസ് ടിക്കറ്റെടുക്കുമ്പോൾ, ഇരുളിൽ തന്നെ ചില കണ്ണുകൾ പിന്തുടരുന്നുണ്ടെന്ന് ആ പാവം മനുഷ്യൻ അറിഞ്ഞില്ല. ബസ് ഇറങ്ങി വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോൾ വഴിവിളക്കുകൾ കുറവായിരുന്നു. തന്റെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ, പെട്ടെന്നാണ് ഒരു നീല അംബാസഡർ കാർ ചന്ദ്രന് മുന്നിൽ വന്നു നിന്നത്.
കാറിൽ നിന്നിറങ്ങിയ സംഘം ചന്ദ്രന്റെ കൈവശമുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ചു. തന്റെ കഷ്ടപ്പാടിന്റെ ഫലം നഷ്ടപ്പെടാതിരിക്കാൻ അദ്ദേഹം കാറിന് പിന്നാലെ ഓടി. “കള്ളൻ… കള്ളൻ…” എന്ന് ചന്ദ്രൻ ഉറക്കെ നിലവിളിച്ചു. ആ നിലവിളി ആരും കേൾക്കാതിരിക്കാൻ കാറിനുള്ളിലെ സ്റ്റീരിയോയുടെ ശബ്ദം അവർ പരമാവധി കൂട്ടി വെച്ചു. പിടിവലിക്കൊടുവിൽ ചന്ദ്രനെ അവർ ഒടുവിൽ ബലംപ്രയോഗിച്ച് കാറിനുള്ളിലേക്ക് വലിച്ചിട്ടു. ക്രൂരമായ മർദ്ദനത്തിനൊടുവിൽ, ഒരു തോർത്ത് ഉപയോഗിച്ച് അദ്ദേഹത്തിന്റെ കഴുത്ത് മുറുക്കി അവർ കൊന്നു. പിന്നീട് മൃതദേഹം തിരിച്ചറിയാതിരിക്കാൻ വസ്ത്രങ്ങൾ അഴിച്ചുമാറ്റി കോട്ടയ്ക്കലിന് അടുത്തുള്ള ചങ്കുവെട്ടിയിലെ കശുവണ്ടി തോട്ടത്തിൽ ഉപേക്ഷിച്ചു.
അന്ന് രാത്രി വീട്ടിൽ ചന്ദ്രനെ കാത്തിരുന്ന മകൻ അനിൽകുമാറും മകൾ കവിതയും ആശങ്കയിലായിരുന്നു. വീടിന് പുറത്ത് “കള്ളൻ… കള്ളൻ…” എന്ന് തന്റെ അച്ഛൻ നിലവിളിക്കുന്നതായി തോന്നിയ കവിത പുറത്തേക്കു ഇറങ്ങി നോക്കാൻ തീരുമാനിച്ചു. അങ്ങനെ ടോർച്ചുമായി ഓടിയിറങ്ങിയ അനിൽ കുമാറിനും കവിതക്കും ഇടവഴിയിൽ നിന്ന് ലഭിച്ചത് അച്ഛന്റെ ഒരു ജോടി ചെരുപ്പുകൾ മാത്രമായിരുന്നു. പിറ്റേന്ന് ചങ്കുവെട്ടിയിൽ നിന്ന് ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയ വാർത്തയറിഞ്ഞാണ് അവർ അവിടേക്ക് ഓടിയെത്തിയത്. വസ്ത്രങ്ങളില്ലാത്ത ആ ശരീരം തന്റെ അച്ഛന്റേതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ആ മക്കളുടെ ഉള്ളുലഞ്ഞു.
ആദ്യം ലോക്കൽ പോലീസ് കേസ് അന്വേഷിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. സ്വർണ്ണ വ്യാപാരികൾ ഹർത്താൽ പ്രഖ്യാപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതോടെ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ ഇടപെട്ടു. കേസ് അന്വേഷണം സിബി മാത്യൂസ് ഐപിഎസിന്റെ കൈകളിലെത്തി. അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹം ചന്ദ്രന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു.
എന്നാൽ എല്ലാ കേസുകളിലും ഒരു തുമ്പ അവശേഷിക്കും എന്നതുപോലെ ഈ കേസിലും ഒരു വഴിത്തിരിവുണ്ടായി. കൃഷ്ണകുമാർ എന്ന ഒരു യുവാവ് സംഭവദിവസം ചന്ദ്രനെ കാറിലേക്ക് വലിച്ചിഴയ്ക്കുന്നത് കണ്ടിരുന്നു. ഉടൻ തന്നെ അയാൾ ആ നീല അംബാസഡർ കാറിന്റെ നമ്പർ (KL 5 1489) ഒരു വർക്ക്‌ഷോപ്പിന്റെ ചുവരിൽ കരിക്കട്ട കൊണ്ട് എഴുതി വെച്ചിരുന്നു. ഇത് കേസിനെ ശരിയായ ദിശയിലേക്ക് എത്തിക്കാനായി സഹായിച്ചു.
ഈ ഒരു തുമ്പ് പിൻതുടർന്ന് നടത്തിയ അന്വേഷണം ചങ്ങനാശേരിയിലെ ഷാജി എന്ന ടാക്സി ഡ്രൈവരിലേക്കും, തുടർന്ന് കൊലപാതകം ആസൂത്രണം ചെയ്ത മുരുകൻ, ദിലീപ്, സാബു എന്നിവരിലേക്കും എത്തിച്ചു. പതിനായിരം രൂപയ്ക്കും കുറച്ച് സ്വർണ്ണത്തിനും വേണ്ടിയാണ് അവർ ആ മനുഷ്യനെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. കൊലപാതകം നടന്ന് പത്താം ദിവസം പ്രതികൾ എല്ലാവരും പിടിയിലായി.
കോഴിക്കോട് നഗരത്തെ നടുക്കിയ ആ കൊലപാതകക്കേസിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിച്ചത്, അന്ന് ആ യുവാവ് ചുവരിൽ കുറിച്ചിട്ട ആ ഒരു നമ്പർ മാത്രമായിരുന്നു. ചന്ദ്രന്റെ സ്വപ്നങ്ങൾ പാതിവഴിയിൽ പൊലിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ മക്കൾ അച്ഛന്റെ ആഗ്രഹം പോലെ പിന്നീട് ഡോക്ടർമാരായി മാറി. പണത്തിനായി ആ പാവം മനുഷ്യന്റെ ജീവിതം തകർത്തവരെ അഴിക്കുള്ളിലാണ്.
















