തിരുവനന്തപുരം: ഇനി മുതൽ മലയാളികൾക്ക് സിനിമ കാണാൻ കുറച്ചധികം പൈസ ചെലവാക്കേണ്ടി വരും. സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന. ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത.
സർവീസ് ചാർജും സെസും പരിഷ്ക്കരിക്കാനായി സർക്കാർ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും നിരക്ക് വർധന. ഈ ആഴ്ച തന്നെ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. സിനിമ ടിക്കറ്റ് നിരക്ക് വർധനവ് സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് ഇതിന് ശേഷമായിരിക്കും.
നിലവിലെ സാഹചര്യമനുസരിച്ച് സെസ് തുക വർധിപ്പിക്കണം എന്നാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം. ഈ വർധനവിലൂടെ ലഭിക്കുന്ന പണം കലാകാരന്മാരുടെയും കലാകാരികളുടേയും ക്ഷേമത്തിന് വിനിയോഗിക്കണം. സർവീസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് ഭേദഗതി വരുത്താതെ തന്നെ സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.
തിയറ്റര്‍ ലാഭകരമായി നടത്താന്‍ കഴിയുന്ന രീതിയിലാണ് ഇ-ടിക്കറ്റിങ് നടപ്പാക്കുക എന്ന് മന്ത്രി സജി ചെറിയാൻ നേരത്തേ പറഞ്ഞിരുന്നു. ഇതോടെ ടിക്കറ്റ് നിരക്കില്‍ ഏകീകരണം വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ സമിതിയുടെ നിലപാടെന്തെന്ന് വ്യക്തമല്ല.
















