മഞ്ചേശ്വരം തുമിനാടിൽ മകളെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഉമ്മർ ഫറൂഖുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചാണ് അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുക.
ഈ മാസം രണ്ടാം തീയതിയാണ് ഉമ്മർ ഫറൂഖ് സ്വന്തം മകൾ മറിയം ജുമൈലയേയും, ബന്ധുവായ ഷേക്കുഞ്ഞിയേയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയും ഭാര്യ താഹിറയും തമ്മിലുള്ള കുടുംബ പ്രശ്നങ്ങൾ ഷേക്കുഞ്ഞിയുടെ വീട്ടിൽ വെച്ച് ചർച്ച ചെയ്യുന്നതിനിടെ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഷേക്കുഞ്ഞിയെ വധിക്കണമെന്ന ഉറച്ച തീരുമാനത്തോടെ പുതിയ കത്തി വാങ്ങിയാണ് പ്രതി എത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൾക്ക് വെട്ടേറ്റത്.
നിലവിൽ കോടതി അഞ്ച് ദിവസത്തെ കസ്റ്റഡി അനുവദിച്ച സാഹചര്യത്തിൽ, കൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുന്നതടക്കമുള്ള നടപടികൾ ഇന്ന് പൂർത്തിയാക്കും.
















