യാഷ് നായകനായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ തിയേറ്ററുകളിൽ എത്തുന്നതിനു മുമ്പുതന്നെ പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇപ്പോഴിതാ ടോക്സിക്കിനെതിരെ, ദ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ രംഗത്ത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ക്രിസ്ത്യൻ സംഘടന പരാതി നൽകിയിരിക്കുന്നത്. ടീസറിലെ ചില രംഗങ്ങൾ ക്രിസ്ത്യൻ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതും അപമാനിക്കുന്നതാണെന്നും അവർ ആരോപിച്ചു.
ഫിലിം ചേംബർ, കർണാടക ചീഫ് സെക്രട്ടറി, സെൻസർ ബോർഡ് എന്നിവർക്കുമുന്നിലാണ് സംഘടന പരാതിയുമായെത്തിയത്. ടീസറിന്റെ ഉള്ളടക്കത്തിനെതിരേ നേരത്തേ പരാതി ഉയർന്നിരുന്നു.ടീസറിലെ ഇന്റിമേറ്റ് രംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഈ രംഗങ്ങൾ നടക്കുന്നത് ക്രിസ്തീയ ചിഹ്നങ്ങൾക്കും മിഖായേലിന്റെ പ്രതിമയ്ക്കുമുന്നിലുമാണെന്ന് കാണിച്ചാണ് പുതിയ പരാതി.
ടീസർ യൂട്യൂബിൽനിന്ന് ഉടൻ നീക്കം ചെയ്യണമെന്നും ഏതാനും സീനുകൾ മാറ്റണമെന്നുമാണ് പരാതിയിലെ ആവശ്യം. നേരത്തെ, ചിത്രത്തിനെതിരേ കർണാടക വനിതാ കമ്മിഷനും സെൻസർ ബോർഡിനും മുന്നിൽ പരാതി എത്തിയിരുന്നു.
ഗീതു മോഹൻദാസ് സംവിധാനംചെയ്യുന്ന ‘ടോക്‌സിക്: എ ഫെയറി ടെയ്ൽ ഗ്രോൺ അപ്‌സ്’ എന്ന ചിത്രത്തിൽ നയൻതാര, രുക്മിണി വസന്ത്, കിയാര അദ്വാനി താരാ സുതാരിയ, ഹുമ ഖുറേഷി എന്നിവരാണ് നായികമാരായെത്തുന്നത്. യഷും ഗീതുവും ചേർന്നാണ് തിരക്കഥ. മാർച്ച് 19-ന് ചിത്രം തിയേറ്ററിലെത്തും. അടുത്തകാലത്ത് വൻ ഹിറ്റായി മാറിയ രൺവീർ സിങ്ങിന്റെ ‘ധുരന്ധർ 2’ ഇതേ ദിവസം പ്രദർശനത്തിനെത്തും.
















