ലോകത്തെ ഏറ്റവും നിഗൂഢമായ കമ്മ്യൂണിസ്റ്റ് ഭരണകൂടമായ ഉത്തര കൊറിയയിൽ പുതിയൊരു അധികാര യുഗം തെളിയുന്നു. നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകൾ കിം ജൂ ഏ അദ്ദേഹത്തിന്റെ ഔദ്യോഗിക പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS) ആണ് പ്യോങ്യാങ്ങിലെ ഈ നിർണ്ണായക മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
കഴിഞ്ഞ കുറച്ചു കാലമായി കിം ജൂ ഏ വെറുമൊരു ‘പ്രിയപ്പെട്ട മകൾ’ എന്നതിലുപരി രാജ്യത്തിന്റെ ഭാവി ഭരണാധികാരി എന്ന നിലയിൽ വളർത്തിയെടുക്കപ്പെടുകയായിരുന്നു എന്ന് എൻ.ഐ.എസ് നിരീക്ഷിക്കുന്നു. 2022-ൽ മിസൈൽ പരീക്ഷണ വേളയിൽ ആദ്യമായി പൊതുവേദിയിലെത്തിയ ജൂ ഏ, പിന്നീട് കിം ജോങ് ഉന്നിനൊപ്പം പ്രധാനപ്പെട്ട സൈനിക പരേഡുകളിലും നയതന്ത്ര കൂടിക്കാഴ്ചകളിലും സജീവ സാന്നിധ്യമായി മാറി. നിലവിൽ ‘പിൻഗാമി പരിശീലന’ ഘട്ടം കഴിഞ്ഞ് ഔദ്യോഗികമായ നാമനിർദ്ദേശ ഘട്ടത്തിലേക്ക് ജൂ ഏ പ്രവേശിച്ചതായാണ് റിപ്പോർട്ട്.
















