ജെഫ്രി എപ്സ്റ്റീനുമായി തന്റെ പേര് ബന്ധപ്പെടുത്തി ലോക്‌സഭയില്‍ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നടപടി അങ്ങേയറ്റം അപക്വമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. പക്വതയില്ലാത്ത രാഷ്ട്രീയ സമീപനമാണിതെന്നും ഇത് ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയാണെന്നും ഹര്‍ദീപ് സിങ് പുരി വിമര്‍ശിച്ചു. ആരോപണം ഉന്നയിച്ച ശേഷം മറുപടി കേള്‍ക്കാനോ ചര്‍ച്ച ചെയ്യാനോ തയ്യാറാകാതിരിക്കുന്നതാണ് പ്രശ്‌നം. അംബാസിഡര്‍ എന്ന നിലയില്‍ തനിക്ക് എപ്സ്റ്റീനുള്‍പ്പെടെ പലരോടും സംസാരിക്കേണ്ടി വന്നിട്ടുണ്ട്. എപ്സ്റ്റീന്റെ പേരില്‍ വിവാദങ്ങള്‍ കേട്ട് തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹത്തില്‍ നിന്ന് അകലം പാലിച്ചു. മറ്റ് ബിസിനസ് ബന്ധങ്ങളൊന്നും എപ്സ്റ്റീനുമായി ഉണ്ടായിട്ടില്ലെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പരാമര്‍ശങ്ങള്‍.
163 തവണയാണ് എപ്സ്റ്റീന്‍ ഫയല്‍സില്‍ ഹര്‍ദീപ് സിങ് പുരിയുടെ പേര് പറയുന്നത്. തങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ തന്നെ ആവര്‍ത്തിച്ച് പറയുന്നതുകൊണ്ടാണ് 163 തവണ പേര് പരാമര്‍ശിക്കപ്പെടുന്നതെന്നാണ് ഹര്‍ദീപ് സിങ് പുരിയുടെ വിശദീകരണം. എത്രയെങ്കിലും തവണ ഫയലില്‍ തന്റെ പേര് വന്നതുകൊണ്ട് മാത്രം ആ കുറ്റകൃത്യത്തില്‍ താന്‍ പങ്കാളിയായെന്ന് അര്‍ഥമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എട്ട് വര്‍ഷത്തിനിടെ നാല് തവണ മാത്രമാണ് എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. എപ്സ്റ്റീനെ ആദ്യമായി കണ്ടപ്പോള്‍ തന്നെ തനിക്ക് അസ്വസ്ഥതയാണ് തോന്നിയതെന്ന് ഹര്‍ദീപ് സിങ് പുരി പറയുന്നു. ഈ കൂടിക്കാഴ്ചകളെല്ലാം ജോലിയുടെ ഭാഗമായിരുന്നു. താന്‍ പല തീവ്രവാദികളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വേലുപ്പിള്ള പ്രഭാകരനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചയാളാണ് താന്‍. അതിനര്‍ഥം തനിക്ക് പ്രഭാകരനുമായി ബന്ധമുണ്ടെന്നാണോ എന്നും ഹര്‍ദീപ് സിങ് പുരി ചോദിച്ചു.
Story Highlights : Hardeep Puri Defends His 163 Mentions In Epstein Files
















