അർജുൻ കപൂർ, ഭൂമി പഡ്നേക്കർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അജയ് ബാൽ ഒരുക്കിയ ‘ദ ലേഡി കില്ലർ’ എന്ന ചിത്രം ബോക്‌സോഫീസിൽ വമ്പൻ പരാജയമായിരുന്നു. 45 കോടി രൂപ മുതൽമുടക്കി നിർമ്മിച്ച ചിത്രം നേടിയത് വെറും ഒരു ലക്ഷത്തിൽ താഴെ രൂപ മാത്രമാണ്. ഒടിടിയിലും പ്രേക്ഷകർ ചിത്രത്തെ കൈവിട്ടിരുന്നു. ഇപ്പോഴിതാ ഈ ചിത്രം തന്റെ കരിയറിനെ എങ്ങനെ ബാധിച്ചുവെന്ന് സംസാരിക്കുകയാണ് നടി ഭൂമി പഡ്‌നേക്കർ.
‘ഞങ്ങൾ വായിച്ച തിരക്കഥ പൂർണ്ണമായിരുന്നു. എന്നാൽ അതിന്റെ വലിയൊരു ഭാഗം ചിത്രീകരിച്ചിട്ടില്ല. പുറത്തിറങ്ങിയത് ഒരു അപൂർണ്ണ ചിത്രമായിരുന്നു. ഒരുപക്ഷേ ഞാൻ സിസ്റ്റത്തിന്റെ ഭാഗമായിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു തരത്തിൽ ഞാൻ കൈകാര്യം ചെയ്യാമായിരുന്നു. ഞാൻ ആകെ അമ്പരന്നുപോയി. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. കാരണം ഇതുപോലൊന്ന് മുമ്പ് ഒരിക്കലും സംഭവിച്ചിരുന്നില്ല. ഇതൊരു പാഠമാണെന്നും ഇനി ആവർത്തിക്കരുതെന്നും ഞാൻ തിരിച്ചറിഞ്ഞു.
ചിത്രത്തിന്റെ ഏകദേശം 35 ശതമാനം ഷൂട്ട് ചെയ്തിട്ടില്ല. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. പെട്ടെന്ന് ചിത്രം റിലീസ് ചെയ്യുകയാണെന്ന് എന്നോട് പറഞ്ഞത് ഇപ്പോഴും എനിക്ക് ഒരു നിഗൂഢത പോലെയാണ് തോന്നുന്നത്. ബജറ്റ് വിചാരിച്ചതിലും കൂടുതലായെന്നും കൂടുതൽ സമയമെടുത്തെന്നും എന്നോട് പറഞ്ഞു. അഭിനേതാക്കൾ എന്ന നിലയിൽ ആ സാഹചര്യത്തിൽ ഞങ്ങൾക്കൊന്നും ചെയ്യാനാകില്ല, കാരണം ഇതൊന്നും ഞങ്ങളുടെ ഭാഗത്തുനിന്നല്ല സംഭവിച്ചത്’-ഭൂമി വിശദീകരിച്ചു.
ഈ അനുഭവം വ്യക്തിപരമായും തൊഴിൽപരമായും വേദനാജനകമായിരുന്നുവെന്നും അവർ വ്യക്തമാക്കി. ‘അതൊരു ഹൃദയഭേദകമായ സമയമായിരുന്നു എന്റെ ജീവിതത്തിൽ. ഞാൻ പൂർണ്ണമായും തളർന്നുപോയി. അതിൽ നിന്ന് എങ്ങനെ കരകയറുമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു ഇരുണ്ട കാലഘട്ടമായാണ് ഇപ്പോൾ അതിനെ കാണുന്നത്. ഈ ആശയക്കുഴപ്പത്തിന് ആരാണ് കുറ്റക്കാരനെന്ന കാര്യത്തിൽ എനിക്ക് ഇപ്പോഴും വ്യക്തതയില്ല. ഞാനാണോ അതോ മറ്റൊരാളാണോ ഇതിന് കാരണമായതെന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരിക്കും. എന്നാൽ അന്ന് നിർമാതാക്കൾ എടുത്ത തീരുമാനമായിരുന്നു. അത് അവർക്ക് ശരിയാണെന്ന് തോന്നി. മഹാമാരിയിൽ നിന്ന് വ്യവസായം പൂർണ്ണമായി കരകയറിയിരുന്നില്ല അപ്പോൾ.’-ഭൂമി പറയുന്നു.
2023-ൽ പുറത്തിറങ്ങിയ ‘ദ ലേഡി കില്ലർ’ സംവിധാനം ചെയ്തത് അജയ് ബെഹൽ ആണ്. ചിത്രം തിയേറ്ററുകളിൽ അപൂർണ്ണമായ രൂപത്തിലാണ് റിലീസ് ചെയ്തതെന്നും, പ്രേക്ഷകർക്ക് അത് പല കഷ്ണങ്ങളായി തോന്നിയതിൽ അത്ഭുതമില്ല എന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് അദ്ദേഹം ആ പ്രസ്താവന പിൻവലിച്ചു. തന്റെ മുൻ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും സിനിമ പൂർണമായും ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
















