എതിർപാർട്ടിക്കാർ പണം നൽകിയാൽ അത് വാങ്ങിയിട്ടു ടിവികെയ്ക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. ഇന്ന് സേലത്തു നടന്ന മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിർപാർട്ടിക്കാർ പണം വാഗ്ദാനംചെയ്താൽ അത് നിരസിക്കരുത് പക്ഷെ വോട്ട് വിസിലിന് (ടിവികെയുടെ തിരഞ്ഞെടുപ്പ് ചിഹ്നം) ചെയ്യണം വിജയ് പറഞ്ഞു. കൂടാതെ ഭരണകക്ഷിയായ ഡിഎംകെയ്ക്കും മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയ്ക്കുമെതിരേ പേരുകൾ പരാമർശിക്കാതെ രൂക്ഷ വിമർശനം ആണ് വിജയ് ഉയർത്തിയത്.
‘കലൈഞ്ജർ’ ക്ഷേമപദ്ധതിയുടെ ഉപഭോക്താക്കളായ സ്ത്രീകൾക്ക് പ്രത്യേക വേനൽക്കാല പാക്കേജ് എന്ന നിലയ്ക്ക് 2000 രൂപ വീതം അക്കൗണ്ടിൽ നൽകിയ സ്റ്റാലിൻ സർക്കാരിന്റെ നീക്കത്തേയും വിജയ് ഇന്ന് സാമൂഹികമാധ്യമമായ എക്‌സിലൂടെ വിമർശിച്ചിരുന്നു. ടിവികെയ്ക്ക് സ്ത്രീകൾക്കിടയിൽ പിന്തുണയേറുന്നതിനാലാണ് അത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















