ബോളിവുഡ് നടൻ രൺവീർ സിങ്ങിനു നേരെ വീണ്ടും വധഭീക്ഷണി. കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയിയുടെ സംഘത്തിൽ നിന്നാണ് വധഭീഷണി സന്ദേശം വന്നത്. ശബ്ദരേഖയായി വന്ന സന്ദേശത്തിൽ രൺവീർ സിങ്ങിനെക്കൂടാതെ നടന്റെ മുഴുവൻ ജീവനക്കാരെയും വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്.
ബിഷ്ണോയി സംഘത്തിലെ ഹരി ബോക്സർ എന്ന വ്യക്തിയുടേതാണ് ഭീഷണിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സംവിധായകൻ രോഹിത് ഷെട്ടിക്കും സമാനവ്യക്തിയിൽനിന്ന് വധഭീഷണിയുണ്ട്. ഇത് രണ്ടാംതവണയാണ് ലോറൻസ് ബിഷ്ണോയി സംഘത്തിൽനിന്ന് രൺവീറിന് ഭീഷണി നേരിടുന്നത്. അടുത്തിടെ കോടികൾ ആവശ്യപ്പെട്ട് ബിഷ്ണോയി സംഘം രൺവീറിന് വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നു.
ഇതേത്തുടർന്ന് രൺവീറിനും ദീപിക പദുക്കോണിനും സുരക്ഷ വർധിപ്പിച്ചതിനുപിന്നാലെയാണ് പുതിയ ഭീഷണി ഉണ്ടായിരിക്കുന്നത്. തനിക്ക് നൽകിയ ഒരു വാഗ്ദാനത്തിൽ നിന്ന് രൺവീർ സിങ് പിന്മാറിയതാണ് ഈ ഭീഷണിക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് റിപ്പോർട്ട്. രൺവീർ സിങ്ങും രോഹിത് ഷെട്ടിയും ശരിയായ വഴിയിലേക്ക് വരണമെന്നും അല്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമാണ് ഹരി ബോക്സർ എന്ന് പരിചയപ്പെടുത്തുന്ന വ്യക്തിയുടെ മുന്നറിയിപ്പിലുള്ളത്.
അടുത്തിടെ രോഹിത് ഷെട്ടിയുടെ വീടിന് പുറത്ത് നടന്ന വെടിവെപ്പിലും ഹരി ബോക്സറുടെ പേര് ഉയർന്നു വന്നിരുന്നു. രൺവീറിനെയും ഷെട്ടിയെയും നേരിട്ട് ആക്രമിക്കുന്നതിന് പകരം, അവരുടെ കീഴിൽ ജോലി ചെയ്യുന്ന മാനേജർമാരെയും മറ്റ് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യം വെക്കുമെന്നാണ് ഭീഷണിയിലുള്ളത്. ജീവനക്കാരുടെ താമസസ്ഥലവും അവർ എപ്പോൾ ഓഫീസിലേക്ക് പോകുന്നു എന്നതുൾപ്പെടെയുള്ള എല്ലാ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് ഈ സംഘം അവകാശപ്പെടുന്നു.
“രൺവീർ സിങ്, നിങ്ങളുടെ അടുത്ത ഏഴ് തലമുറകൾ ഓർക്കുന്ന രീതിയിൽ ഞങ്ങൾ നിങ്ങളോട് പെരുമാറും. ഉപദേശം നൽകാനും പോലീസിൽ പരാതി നൽകാൻ ആളുകളോട് പറയാനും നിങ്ങൾക്ക് വളരെ ഇഷ്ടമാണ്. ഒരു പ്രശ്നവുമില്ല. നിങ്ങളോടൊപ്പം ജോലി ചെയ്യുന്ന മാനേജർമാരുൾപ്പെടെ എല്ലാ വ്യക്തികളുടെയും പൂർണമായ വിവരങ്ങൾ ഞങ്ങളുടെ കൈവശമുണ്ട്. അവർ എവിടെ താമസിക്കുന്നു, ഓഫീസിലേക്ക് എപ്പോഴാണ് പോകുന്നത്, എപ്പോഴാണ് മടങ്ങിവരുന്നത്, അവരുടെ കുടുംബങ്ങൾ എവിടെ താമസിക്കുന്നു എന്നെല്ലാം. ഞങ്ങൾ നിങ്ങളോട് നേരിട്ട് ഒന്നും പറയില്ല. ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്ന ആളുകളെ ലക്ഷ്യമിട്ട് തുടങ്ങും. അത് സംഭവിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് ബോധം വരും. ഞങ്ങൾ നിങ്ങളുടെ മുഴുവൻ ജീവനക്കാരെയും കൊന്നുകളയും. ” ഓഡിയോയിൽ പറയുന്നു.
ബോളിവുഡിനെ മൊത്തത്തിൽ ഭീഷണിപ്പെടുത്തുന്ന ഈ സംഘം, നടൻ സൽമാൻ ഖാനുമായി സഹകരിക്കുന്ന എല്ലാവരെയും ലക്ഷ്യം വെക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം കാനഡയിൽ കൊമേഡിയൻ കപിൽ ശർമയുടെ കഫേയിൽ നടന്ന വെടിവെപ്പിന് പിന്നിലും ഇതേ വ്യക്തിയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സൽമാൻ ഖാനെ പരിപാടിയിലേക്ക് ക്ഷണിച്ചതാണ് കപിൽ ശർമയ്ക്കെതിരെയുള്ള പ്രകോപനത്തിന് കാരണമായി ഈ സംഘം പറഞ്ഞിരുന്നത്.
ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്നുള്ള തുടർച്ചയായ ഭീഷണികളെത്തുടർന്ന് സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. സിനിമാ മേഖലയിലെ പ്രമുഖരെ ലക്ഷ്യം വെക്കുന്ന ഈ സംഘത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ, ഈ പുതിയ ഭീഷണി സന്ദേശത്തോട് രൺവീർ സിങ്ങോ രോഹിത് ഷെട്ടിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
















