വാലന്‍റൈന്‍സ് ഡേയില്‍ റോസാപ്പൂക്കളും ചോക്ലേറ്റും കിട്ടാതെ വിഷമിച്ചിക്കുന്ന സിംഗിൾസ് ആണോ നിങ്ങൾ ? സോഷ്യൽ മീഡിയയിലെ കപ്പിൾ റീൽസും സ്റ്റാറ്റസും കണ്ട് വിഷമിക്കണ്ട. സിംഗിൾ ലൈഫ് ശോകം ആണെന്ന് ആരാ പറഞ്ഞെ, അമേരിക്കയിൽ പ്യൂ റിസർച്ച് സെന്‍റർ 2020ൽ നടത്തിയൊരു പഠനത്തിൽ ഏതാണ്ട് 50 ശതമാനം ആളുകളും സിംഗിളായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്.
സിംഗിൾ ലൈഫ് ദുരിതവും ദുഖകരവുമല്ല, മറിച്ച് സ്വന്തം മൂല്യങ്ങള്‍ക്കും താത്പ്പര്യങ്ങള്‍ക്കും അനുസരിച്ച് ജീവിക്കാന്‍ പ്രപ്തരാക്കുകയാണ് ചെയ്യുന്നതെന്ന് സൈക്കോളജിസ്റ്റ് ഡോ. ബെല്ല ഡിപൗലോ പറയുന്നു. സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും അതില്‍ ഉറച്ചുനിന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകുവാനും സിംഗിൾസിന് ജീവിതം അവസരം നൽകുകയാണ്.
അവര്‍ക്ക് മനഃശാസ്ത്രപരമായി സമ്പന്നമായ ജീവിതമാണ് ലഭിക്കുകയെന്നും ഡോ. ബെല്ല പറഞ്ഞുവെയ്ക്കുന്നു. സിംഗിളായി ജീവിക്കുന്ന സ്ത്രീകൾ മറ്റ് സ്ത്രീകളെ അപേക്ഷിച്ച് സന്തുഷ്ടരാണെന്ന് മാത്രമല്ല, കാലക്രമേണ അവർ കൂടുതൽ സന്തോഷവതിയാവുകയും ചെയ്യും എന്നാണ് പഠനങ്ങൾ പറയുന്നത്. ഏകാന്തതയെ ഭയപ്പെടുന്നതിന് പകരം ആസ്വദിക്കുമ്പോള്‍ അത് നിങ്ങളെ ഭയപ്പെടുത്താനുള്ള സാധ്യത കുറവാണെന്നും ഡോ. ബെല്ല വിശദീകരിക്കുന്നു.
സുഹൃത്തുക്കളെ വിളിച്ചു ചേർത്ത് ഒരു ഗാലൻന്‍റൈൻസ് ഡേ പ്ലാൻ ചെയ്യാം. പ്രണയത്തെക്കാൾ സൗഹൃദത്തെ ആഘോഷിക്കുന്നതിനായി മാറ്റിവയ്ക്കുന്നൊരു ദിനമാണ് ഗാലൻന്‍റൈൻസ് ഡേ. പാർക്ക്സ് ആന്‍റ് റിക്രിയേഷൻ എന്ന ഷോയിലൂടെയാണ് ഗാലൻന്‍റൈൻസ് ഡേ ജനപ്രിയമാകുന്നത്. സ്നേഹം എന്നത് പ്രണയബന്ധം മാത്രമല്ലെന്നും സുഹൃത്ത് ബന്ധങ്ങൾക്കും പ്രാധാന്യമുണ്ടെന്നും സൂചിപ്പിക്കുന്നതിനാണ് ഗാലൻന്‍റൈൻസ് ഡേ.
















