പരവൂർ പുക്കുളം സുനാമി ഫ്ലാറ്റിൽ ലഹരിമരുന്ന് കച്ചവടം ചോദ്യം ചെയ്ത അയൽവാസികളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ ഒന്നാം പ്രതി കലേഷിനെ പോലീസ് പിടികൂടി. മയ്യനാട് താന്നി ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പരവൂർ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 10-ന് നടന്ന അക്രമത്തിന് ശേഷം ഒളിവിലായിരുന്ന കലേഷിനെ പിടികൂടാൻ പോലീസ് ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിക്കാൻ ഇരിക്കെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വിൽപ്പന മറ്റൊരു താമസക്കാരനായ ഗിരീഷ് തടഞ്ഞതാണ് അക്രമത്തിന്റെ മൂലകാരണം. കലേഷിന്റെ ഫ്ലാറ്റിലെത്തി കഞ്ചാവ് കച്ചവടത്തെക്കുറിച്ച് ഗിരീഷ് സംസാരിക്കവേ പ്രകോപിതനായ കലേഷ് ഇയാളെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഗിരീഷിനെ രക്ഷിക്കാൻ എത്തിയ ബന്ധു സുധീഷിനും അയൽവാസിയായ ഷബീറിനും കലേഷിന്റെയും കൂട്ടാളികളുടെയും ക്രൂരമർദനമേറ്റു. ഗിരീഷിന്റെ വയറ്റിലും വാരിയെല്ലിനും ആഴത്തിൽ കുത്തേറ്റതായാണ് പോലീസ് റിപ്പോർട്ട്.
ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേരും നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗിരീഷിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. അക്രമത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടെങ്കിലും രണ്ടാം പ്രതിയായ രാജൻ എന്ന സേവ്യറിനെ സംഭവദിവസം തന്നെ ഫ്ലാറ്റിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുടെ ശേഖരം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കലേഷിനെ വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസിലെ മൂന്നും നാലും പ്രതികളായ സജിത്ത്, ഗോപു എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പരവൂർ പോലീസ് അറിയിച്ചു.
















