കൊല്ലം പരവൂർ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങവേ തിരയിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹം കണ്ടെത്തി. കൊല്ലം അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ പൊഴിക്കരയ്ക്ക് സമീപത്തുനിന്ന് തന്നെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് അഞ്ചംഗ വിദ്യാർത്ഥി സംഘം പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപം കടലിൽ കുളിക്കാനിറങ്ങിയത്. ശക്തമായ അടിയൊഴുക്കുള്ള ഇവിടെ അപകടത്തിൽപ്പെട്ട മൂന്ന് വിദ്യാർത്ഥികളെ തദ്ദേശവാസികളും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ കണ്ണനെയും ബിബിനെയും കണ്ടെത്താനായിരുന്നില്ല. തുടർന്ന് നേവി, ഫയർഫോഴ്സ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ കടലിൽ വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു.
കണ്ടെടുത്ത മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
















