കൊല്ലം ജില്ലയിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടരുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന ബാലന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറി സ്വദേശികളായ ജിബി-കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് (10) പൊള്ളലേറ്റത്. ഇന്നലെ ഉച്ചയോടെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്ത് പെട്ടെന്ന് ചുവന്ന പാടുകളും പൊള്ളലും പ്രത്യക്ഷപ്പെടുകയായിരുന്നു. തോളിന്റെ ഭാഗത്താണ് കൂടുതൽ ആഴത്തിൽ പൊള്ളലേറ്റിരിക്കുന്നത്. ഇതിനുപുറമെ കൈകൾക്കും താടിയുടെ ഭാഗത്തും സൂര്യപ്രകാശമേറ്റ് തൊലി പുറം പാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
















