പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മുന്നണിയെ നയിക്കാൻ യോഗ്യരാണെന്ന വാദവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവും മുതിർന്ന നേതാവ് മണിശങ്കർ അയ്യരും രംഗത്ത്.
ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നൽകാൻ മമത ബാനർജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു അഭിപ്രായപ്പെട്ടു. നിലവിൽ ഇന്ത്യയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും സംസ്ഥാന ഭരണകൂടത്തിന്റെയും തലപ്പത്തുള്ള ഏക വനിത എന്ന നിലയിൽ മമതയ്ക്ക് സവിശേഷമായ സ്ഥാനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വയം വളർന്നുവന്ന കരുത്തുറ്റ നേതാവെന്ന നിലയിൽ ബിജെപി നേടിയെടുത്ത സ്ത്രീ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ മമതയുടെ നേതൃത്വത്തിന് സാധിക്കും. “രാജ്യത്തിന് ഒരു വനിതാ പ്രധാനമന്ത്രി ഉണ്ടായിട്ട് കാലമേറെയായി” എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2026-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിൽ മമതയുടെ പ്രസക്തി ദേശീയ തലത്തിലും മാറ്റമുണ്ടാക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
അതേസമയം, മുന്നണിയെ ഏകോപിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണെന്ന് മണിശങ്കർ അയ്യർ പറഞ്ഞു. ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദേശീയതലത്തിൽ സജീവമാക്കുന്നതിൽ സ്റ്റാലിൻ വിജയിച്ചതായി അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള വഴിയൊരുക്കാൻ മുന്നണിയെ ശക്തമായി നയിക്കുന്ന ഒരു ചെയർമാൻ ആവശ്യമാണെന്നും ആ സ്ഥാനത്തേക്ക് സ്റ്റാലിൻ വരുന്നത് രാഹുലിന്റെ സാധ്യതകൾക്ക് തടസ്സമാകില്ലെന്നും അയ്യർ കൂട്ടിച്ചേർത്തു. സ്റ്റാലിന്റെ നേതൃത്വത്തിൽ പ്രാദേശിക കക്ഷികളെ ഒരുമിച്ച് നിർത്താൻ എളുപ്പമാകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
















