ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിന്റെ നിയമപരമായ ചട്ടക്കൂടുകൾക്ക് രൂപം നൽകാൻ ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദർശിക്കും. വാണിജ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ദർപ്പൺ ജെയിൻ സംഘത്തെ നയിക്കുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.
ഓൺലൈൻ ചർച്ചകൾ തുടരുകയാണ്. മാർച്ച് ഒടുവിൽ കരാർ ഒപ്പുവയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. എന്നാൽ അത് നീളാനും സാധ്യതയുണ്ട്. തീരുവ 18 ശതമാനമായി കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഈ ആഴ്ച പൂർത്തിയാക്കും.’ – രാജേഷ് അഗർവാൾ സൂചിപ്പിച്ചു.
ഇരുപക്ഷത്തിനും തൃപ്തികരമായ നിലയിൽ കരാറിന്റെ നിയമപരമായ കരട് തയാറാക്കാൻ ചിലപ്പോൾ സമയമെടുത്തേക്കാം. പക്ഷേ ഞങ്ങൾ പ്രതീക്ഷയിലാണ്. ഇരു രാജ്യങ്ങളുടെയും സംഘം അതിനായുള്ള പ്രവർത്തനങ്ങളിലാണ്’ – അഗർവാൾ കൂട്ടിച്ചേർത്തു.
മാർച്ച് പകുതിയോടെ അന്തിമ കരാർ ഒപ്പുവയ്ക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യ – യുഎസ് വ്യാപാര കരാറിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ മാസം ആദ്യമാണ് പ്രഖ്യാപിച്ചത്.
















