ഹസ്തദാനം ചെയ്യരുത്, ‘കണ്ണിൽ നോക്കരുത് നടൻ അല്ലു അർജുനെ കാണാൻ 42 ഉപാധികൾ പാലിക്കണമെന്ന് ടീം നിർദ്ദേശിച്ചെന്ന ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തൽ ഏറെ വൈറൽ ആയിരുന്നു. എന്നാൽ അല്ലു അർജുന്റെ ടീം ഈ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു. ഇപ്പോഴിതാ ആരോപണത്തിൽ പരസ്യമായി മാപ്പുപറഞ്ഞ് ബ്രാൻഡ് സ്ട്രാറ്റജിസ്റ്റും പോഡ്‌കാസ്റ്ററും. സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഇരുവരും മാപ്പ് പറഞ്ഞത്.
https://twitter.com/kaveri_baruah/status/2023027760223101353?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2023027760223101353%7Ctwgr%5E84bc316e518cc2bda3bef9efa628d47b0a1efd20%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Fallu-arjun-dos-donts-apologies-kkhtomhi
തന്റെ പ്രസ്താവന തെറ്റാണെന്നും അഭിമുഖത്തിൽ സംസാരിക്കുന്നതിന്റെ ഒഴുക്കിൽ അറിയാതെ പറഞ്ഞുപോയതാണെന്നും സ്ട്രാറ്റജിസ്റ്റ് കാവേരി ബറുവ പറഞ്ഞു. അല്ലു അർജുനെക്കുറിച്ചുള്ള കാവേരിയുടെ ആരോപണങ്ങളടങ്ങിയ പോഡ്‌കാസ്റ്റും റീലും നീക്കം ചെയ്തതായി പോഡ്കാസ്റ്റർ സ്വീകൃതിയും വ്യക്തമാക്കി.
അല്ലു അർജുന്റെ കണ്ണുകളിൽ നേരിട്ട് നോക്കാൻ പാടില്ലെന്നും അദ്ദേഹത്തിന് കൈ കൊടുക്കരുതെന്നും ഉൾപ്പെടെയുള്ള 42 നിർദേശങ്ങളാണ് തനിക്ക് താരത്തിന്റെ ടീമിൽനിന്ന് ലഭിച്ചതെന്നാണ് കാവേരി പറഞ്ഞത്. കൂടാതെ, അദ്ദേഹത്തെ കാണുന്നതിന് മുമ്പ് മാനേജർമാരുടെ ഒരു വലിയ നിരയെ തന്നെ കടന്നുപോകേണ്ടി വരുമെന്നും ദക്ഷിണേന്ത്യൻ താരങ്ങൾ വലിയൊരു സംഘവുമായാണ് എത്തുന്നതെന്നും അവർ വെളിപ്പെടുത്തി. ഇത് അല്ലു അർജുന്റെ ടീം നിഷേധിച്ചിരുന്നു. ഇത് നടന്ന് ദിവസങ്ങൾക്കകമാണ് ബ്രാൻഡ് സ്ട്രാറ്റജിസ്റ്റും പോഡ്കാസ്റ്ററും മാപ്പപേക്ഷിച്ചിരിക്കുന്നത്.
കാവേരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: “ഞാൻ ആഴത്തിൽ ചിന്തിച്ചപ്പോൾ, ഈ പ്രസ്താവനകൾ തെറ്റായിരുന്നു. അവ പരിശോധിച്ചുറപ്പിച്ച രേഖയേയോ വസ്തുതാപരമായ വിവരങ്ങളേയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അല്ലു അർജുനോ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആരെങ്കിലുമോ എനിക്ക് ’42 ഡോസ് ആൻഡ് ഡോണ്ട്‌സ്’ അടങ്ങിയ ഒരു രേഖയും നൽകിയിട്ടില്ല. എൻ്റെ പരാമർശങ്ങൾ സംഭാഷണങ്ങളുടെ ഒഴുക്കിൽ സംഭവിച്ചതാണ്, അവയെ വസ്തുതാപരമായ കാര്യങ്ങളായി അവതരിപ്പിക്കരുത്.”
“ഞാൻ നടത്തിയ ആ പ്രസ്താവനകൾ കാരണം അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് സംഭവിച്ച നഷ്ടങ്ങളിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. ഞാൻ എൻ്റെ പരാമർശങ്ങൾ പൂർണ്ണമായും പിൻവലിക്കുന്നു. അല്ലു അർജുനോടും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളോടും എനിക്ക് അതിയായ ബഹുമാനമുണ്ട്. അദ്ദേഹത്തിനുണ്ടായ ഏതെങ്കിലും അസൗകര്യത്തിൽ ഞാൻ ഖേദിക്കുന്നു.” അവർ കൂട്ടിച്ചേർത്തു.
വിവാദമായ എപ്പിസോഡ് വ്യവസായ രീതികളെക്കുറിച്ചുള്ള ഒരു പൊതുവായ ചർച്ചയുടെ ഭാഗമായി ഉദ്ദേശിച്ചതായിരുന്നുവെന്ന് പോഡ്കാസ്റ്റർ സ്വീകൃതി പറഞ്ഞു. ഏതെങ്കിലും വ്യക്തിയെ വേദനിപ്പിക്കാനോ പ്രകോപിപ്പിക്കാനോ അപകീർത്തിപ്പെടുത്താനോ യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. ആരുടെയും ചിലവിൽ അനാവശ്യമായ നേട്ടമുണ്ടാക്കാനും ഉദ്ദേശിച്ചിരുന്നില്ല. ഒരു പ്രസാധകൻ എന്ന നിലയിൽ, പ്രചരിക്കുന്ന ഉള്ളടക്കത്തിൻ്റെ ഫലങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളാണെന്ന് ഞങ്ങൾ അംഗീകരിക്കുന്നുവെന്നും അവർ പറഞ്ഞു.
“ഞങ്ങൾ തിരുത്തുകയാണ്. ഞങ്ങളുടെ അതിഥി പറഞ്ഞ പരാമർശങ്ങൾ ഞങ്ങളുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വ്യക്തമായി പിൻവലിച്ചു. ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് ഞങ്ങൾ വീണ്ടും ഉറപ്പുനൽകുന്നു. മൂന്നാം കക്ഷികൾ ഏതെങ്കിലും തെറ്റായ ചിത്രീകരണം അല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട വ്യാഖ്യാനം എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഹോസ്റ്റിനും ഞങ്ങളുടെ ചാനലുമായി ബന്ധപ്പെട്ടവർക്കും എതിരായ ഉപദ്രവം അവസാനിപ്പിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.” സ്വീകൃതിയുടെ വാക്കുകൾ.
















