ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ മാറുന്ന കാലഘട്ടത്തിന് അനുയോജ്യമാകുന്നതും നൂതനസാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്ന രീതിയിലുമുള്ള ന്യൂജന്‍ കോഴ്‌സുകള്‍, വിവിധ വിദേശഭാഷകളില്‍ പ്രാവീണ്യം നേടുന്നതിനുള്ള കോഴ്‌സുകള്‍ എന്നിവ ആരംഭിക്കാന്‍ ബജറ്റില്‍ തീരുമാനം. സര്‍വ്വകലാശാലയില്‍ ഗ്രീന്‍ ഓഡിറ്റ് ടീം സജ്ജമാക്കും. സംസ്‌കൃത സര്‍വ്വകലാശാലയെ സംസ്ഥാനത്തെ പ്രഥമ കാര്‍ബണ്‍ ന്യൂട്രല്‍ സര്‍വ്വകലാശാലയാക്കുന്നതിനുള്ള പദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കും. സര്‍വ്വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും പ്രാദേശിക കേന്ദ്രങ്ങളിലും ഇപ്പോഴുള്ള സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ പുതിയ കാലഘട്ടത്തിന് യോജിക്കുന്ന രീതിയില്‍ പുനഃസജ്ജീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിക്കും.
ആധുനികസാങ്കേതികവിദ്യകളുപയോഗിച്ചുള്ള അഞ്ച് അതിനൂതന സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ വിവിധ വകുപ്പുകളില്‍ സ്ഥാപിക്കും. സര്‍വ്വകലാശാലയുടെ എല്ലാ കെട്ടിടങ്ങളിലും മാതൃക സ്ത്രീസൗഹൃദ മുറി ഒരുക്കും. സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഭരണനിര്‍വ്വഹണ സമുച്ചയത്തിലെ സിന്‍ഡിക്കേറ്റ് ഹാളില്‍ ഇന്ന് (17.02.2026) ചേര്‍ന്ന സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ അവതരിപ്പിച്ച 2026-2027 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് ഈ തീരുമാനങ്ങള്‍. ഫിനാന്‍സ് സ്ഥിരം സമിതി കണ്‍വീനര്‍ അഡ്വ. കെ. പ്രേംകുമാര്‍ എം. എല്‍. എ. ബജറ്റ് അവതരിപ്പിച്ചു. 165.85 കോടി രൂപ വരവും 177.19 കോടി രൂപ ചെലവുമുളള 11.34 കോടി രൂപയുടെ കമ്മി പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
സര്‍വ്വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്ക് ആക്കം കൂട്ടും. കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അക്കാദമിക് ബ്ലോക്കിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികള്‍ക്കായി 10 ലക്ഷം രൂപ വകയിരുത്തി. സര്‍വ്വകലാശാലയില്‍ നിലവിലുള്ള കാലഹരണപ്പെട്ട കമ്പ്യൂട്ടറുകള്‍ മാറ്റിസ്ഥാപിക്കും. ആദ്യഘട്ടമെന്ന നിലയില്‍ വിവിധ പഠന വകുപ്പുകള്‍ക്കും പ്രാദേശിക കേന്ദ്രങ്ങള്‍ക്കും 50 പുതിയ കമ്പ്യൂട്ടറുകള്‍ വാങ്ങി വിതരണം ചെയ്യും. വിവിധ പഠന വകുപ്പുകളുടെ സഹകരണത്തോടെ പുതിയ ഓണ്‍ലൈന്‍/ ആഡ് ഓണ്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനായി സര്‍വ്വകലാശാലയുടെ ഓണ്‍ലൈന്‍ ലേണിംഗ് സെന്ററിന് ഒരുകോടി രൂപ വകയിരുത്തി. അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ കണ്ടന്റ് നിര്‍മ്മിക്കുന്നതിനുള്ള സോഫ്‌റ്റ്വെയര്‍ അടക്കമുള്ള അടിസ്ഥാനസൗകര്യ വികസനം നടപ്പിലാക്കും. സര്‍വ്വകലാശാലയിലെ ടോയ്‌ലറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കും. ടോയ്‌ലറ്റുകളും പൊതുടോയ് ലറ്റുകളും നവീകരിക്കും, അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ. പറഞ്ഞു.
റിസര്‍ച്ച് ഫെല്ലോഷിപ്പ് വിതരണം ചെയ്യുന്നതിനായി 3 കോടി രൂപയും സാന്‍സ്‌ക്രിറ്റ് എന്‍കറേജ്‌മെന്റ് സ്‌കോളര്‍ഷിപ്പിനായി 60 ലക്ഷം രൂപയും സര്‍വ്വകലാശാലയുടെ ഐ. ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ സെര്‍വര്‍ സ്ഥാപിക്കുന്നതിനുമായി 150 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. മുഖ്യകേന്ദ്രത്തിലെയും പ്രാദേശിക കേന്ദ്രങ്ങളിലെയും ലൈബ്രറികളിലേക്കും പുസ്തകങ്ങള്‍, ഓണ്‍ലൈന്‍ ജേര്‍ണലുകള്‍ ഉള്‍പ്പെടെയുള്ള ജേര്‍ണലുകള്‍, ലൈബ്രറിയുടെ സര്‍വ്വതോന്മുഖമായ വികസനം എന്നിവയ്ക്കായി ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ദേശീയ അന്തര്‍ദ്ദേശീയ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിന് 50 ലക്ഷം രൂപയും സംസ്‌കൃത പ്രചരണ വിഭാഗങ്ങള്‍ക്ക് 30 ലക്ഷം രൂപയും ശ്രീശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 140 ലക്ഷം രൂപയും വിവിധങ്ങളായ മറ്റ് പഠനകേന്ദ്രങ്ങള്‍ക്ക് 30 ലക്ഷം രൂപയും വിദ്യാര്‍ത്ഥികളിലെ ഗവേഷണാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനും അക്കാദമിക മികവ് ഉയര്‍ത്തുന്നതിനുമായി റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രോജക്ട് മോഡ് കോഴ്‌സുകളുടെ നടത്തിപ്പിലേക്കായി 50 ലക്ഷം രൂപയും സര്‍വ്വകലാശാല ക്യാമ്പസ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 11 ലക്ഷം രൂപയും കായികപരിശീലനത്തിനും വിവിധ കലോത്സവങ്ങള്‍ക്കുമായി 20 ലക്ഷം രൂപ വീതവും കനകധാര മ്യൂസിയം വിപുലപ്പെടുത്തുന്നതിന് 25 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്, അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ. പറഞ്ഞു.
വിവിധ പഠനവകുപ്പുകളുടെ സഹകരണത്തോടെ ഓണ്‍ലൈന്‍ / ആഡ് ഓണ്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നതിലൂടെ അധികവരുമാനം സര്‍വ്വകലാശാല ലക്ഷ്യമിടുന്നു. യു.ജി.സി. പദ്ധതികളുടെ ഭാഗമായി 600 ലക്ഷം രൂപ സര്‍വ്വകലാശാലയ്ക്ക് തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കും. സര്‍വ്വകലാശാലയുടെ വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനും വിവിധ നൂതനപദ്ധതികളുടെ നടത്തിപ്പിനുമായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് ലഭ്യമാക്കും. എന്‍.സി.ടി.ഇ. അനുമതി നല്കിയ നൂതനപദ്ധതിയായ ബി.എ. – ബി. എഡ്. ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം ഈ വര്‍ഷം ആരംഭിക്കും. 50 സീറ്റാണ് അനുവദിച്ചിരിക്കുന്നത്, അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ. പറഞ്ഞു.
പദ്ധതിയേതര ധനസഹായമായി 8375.52 ലക്ഷം രൂപയും വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി ധനസഹായമായി 2414 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ 2026-2027 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെ പദ്ധതിയേതര ഇനത്തില്‍ 9060.61 ലക്ഷം രൂപയും പദ്ധതിയിനത്തില്‍ 3067 ലക്ഷം രൂപയും വരുമാനം പ്രതീക്ഷിക്കുന്നു. പദ്ധതിയിനത്തില്‍ 2862 ലക്ഷം രൂപയുടെയും പദ്ധതിയേതരയിനത്തില്‍ 103.99 ലക്ഷം രൂപയുടെയും ചെലവുകളും ബജറ്റ് വിഭാവനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരുന്നു.
















