നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ നിർണ്ണായകമായ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നത്. ഇന്നത്തെ ആദ്യ പോസ്റ്റുമോർട്ടമായി ഇതിനെ പരിഗണിക്കണമെന്ന പ്രത്യേക നിർദ്ദേശത്തോടെയാണ് മൃതദേഹം ആശുപത്രിയിൽ എത്തിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ ബിന്ദു സുന്ദറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ചികിത്സാപ്പിഴവ് ആരോപണത്തിന് പിന്നാലെ ഡോക്ടർ കൈക്കൂലി വാങ്ങിയെന്ന കുഞ്ഞിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെയാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര നടപടി. നേരത്തെ ഇവരെ സ്ഥലം മാറ്റാനായിരുന്നു തീരുമാനമെങ്കിലും ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളും നാട്ടുകാരും വലിയ പ്രതിഷേധം ഉയർത്തിയതോടെ സസ്പെൻഷൻ നടപടിയിലേക്ക് നീങ്ങാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു.
















