തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ ക്യാമ്പയിനുമായി എസ്എഫ്ഐ. നാളെ തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ എസ്എഫ്ഐ പൊറോട്ടയും ബീഫും വിളമ്പും. നല്ല ചൂട് പൊറോട്ടയും ബീഫും എന്ന പേരിലാണ് എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പരിപാടിയിൽ പങ്കെടുക്കും. പിന്നാലെ എല്ലാ ക്യാമ്പസുകളിലും എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കും.
അതേസമയം, കേരള സ്റ്റോറി 2വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി നല്‍കിയിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകി. നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സും മറുപടി നൽകണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
















