ആരോഗ്യ-ധനകാര്യവകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നടന്ന ചടര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നിയമോപദേശം കിട്ടിയാല്‍ ഉടന്‍ ശമ്പള പരിഷ്‌കരണ കുടിശ്ശിക നല്‍കുന്നതില്‍ അനുകൂല തീരുമാനമെടുക്കാമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ ഡോക്ടര്‍മാരെ വഞ്ചിച്ചു. അനുകൂലമായ നിയമോപദേശം ലഭിച്ചിട്ടും, ഫയല്‍ ധനകാര്യവകുപ്പ് മന്ത്രിയുടെ മേശപ്പുറത്തെത്തിയിട്ടും ഇതുവരെ തീരമാനം എടുത്തിട്ടില്ല. ഈ വിശ്വാസ വഞ്ചനയാണ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടത്. ഈ മാസം പതിനാറാം തീയതി മുതലുള്ള ഒ.പി ബഹിഷ്‌കരണ നോട്ടീസ് നേരത്തെ നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.
മറ്റെല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളപരിഷ്‌കരണ കടിശ്ശിക നല്‍കാന്‍ ഉത്തരവായിക്കഴിഞ്ഞു. കൊവിഡ് മഹാമാരി സമയത്ത് മറ്റുള്ളവര്‍ വീട്ടില്‍ കഴിഞ്ഞപ്പോള്‍ ജീവന്‍ പണയപ്പെടുത്തി രാപ്പകല്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനും വേണ്ടി ജോലി ചെയ്തത് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരാണ്. അക്കാലത്തുള്ള ശമ്പള പരിഷ്‌കരണ കുടിശ്ശികയാണ് ഇപ്പോള്‍ അന്യായമായി തടഞ്ഞുവച്ചിരിക്കുന്നത്. ഇത് കടുത്ത അനീതിയാണ്. മറ്റു പല രാജ്യങ്ങളും സംസ്ഥാനങ്ങളും കോവിഡ് കാലഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്ക് അധിക ആനുകൂല്യങ്ങള്‍ നല്‍കിയപ്പോഴാണ് ഇവിടെ അര്‍ഹതപ്പെട്ടതു പോലും തടഞ്ഞു വച്ചിരിക്കുന്നത്.
ഒ.പി ബഹിഷ്‌കരണവും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിച്ചതും ഗവണ്‍മെന്റിന്റെ അനാവശ്യ പിടിവാശി മൂലമാണ്. നാലാം ദിവസവും തുടരുന്ന അനിശ്ചതകാല ഒ.പി, അധ്യാപന ബഹിഷ്‌കരണത്തോപ്പം ഇന്നലെ മുതല്‍ അടിയന്തിരമല്ലാത്ത ശാസ്ത്രക്രിയകളും മറ്റു പ്രൊസീജിയറുകളും അതിശ്ചിത കാലത്തേക്ക് ബഹിഷ്‌കരിച്ച് തുടങ്ങിയിട്ടുണ്ട്. ഇതുമൂലം ഒ.പി യിലെത്തുന്ന രോഗികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇപ്പോള്‍ ഒ.പികളില്‍ രോഗികളെ പരിശോധിക്കുന്നത് പി.ജി വിദ്യാര്‍ഥികളാണ്. മറ്റ് ആശുപത്രികളില്‍ നിന്നും ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ ആവശ്യമുണ്ടെന്ന് കണ്ട് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തുവരുന്ന രോഗികളെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ താത്കാലിക ചികില്‍സ നല്‍കുകയാണ് ഒ.പി യില്‍ ഇരിക്കുന്ന പി.ജി വിദ്യാര്‍ത്ഥികള്‍.
സങ്കീര്‍ണമായ ചികിത്സകള്‍ വേണ്ട കേസുകളാണ് ഇവയില്‍ കൂടുതലും. ഇതുമൂലം ഇപ്പോള്‍ രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഡോക്ടര്‍മാരകുടെ സംഘഠനയായ കെജിഎംസിറ്റിഎ ഖേദം പ്രകടിപ്പിക്കുന്നുണ്ട്. ഈ സമരം പാവപ്പെട്ട രോഗികളുടെ ആശ്രയമായ മെഡിക്കല്‍ കോളേജകളുടെ നിലനില്‍പ്പിനു വേണ്ടിയാണ്. അതുകൊണ്ടുതന്നെ താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ ക്ഷമിച്ച് സഹകരിക്കണമെന്നും അടിയന്തിര ചികിത്സകള്‍ക്ക് മാത്രമേ മെഡിക്കല്‍ കോളേജിലേക്ക് വരാവുള്ളൂ എന്നും രോഗികളോട് അഭ്യര്‍ത്ഥിക്കുന്നു. പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ കെജിഎംസിറ്റിഎ ധര്‍ണ്ണ നടത്തി. ധര്‍ണ്ണയുടെ ഉല്‍ഘാടനം സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നാരാ ബീഗം. റ്റി നിര്‍വഹിച്ചു.
2016 ജനുവരി മുതല്‍ നാലു വര്‍ഷം ഒമ്പതുമാസത്തെ ശമ്പളപരിഷ്‌കരണക്കുടിശ്ശിക അനുവദിക്കുക, അശാത്രീയമായ പെന്‍ഷന്‍ സീലിങ്ങ് പരിഷ്‌കരിക്കുക, രോഗികളുടെ ബാഹുല്യത്തിനനുസരിച്ച് ഡോക്ര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചും അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിച്ചും മെച്ചപ്പെട്ട ചികില്‍സാ സൗകര്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് തീരുമാനമെടുക്കാത്ത പക്ഷം അനിശ്ചിത കാല ഒ.പി ബഹിഷ്‌കരണത്തോടും, അധ്യാപന ബഹിഷ്‌കരണത്തോടും ഒപ്പം അനിശ്ചിതകാലത്തേക്ക് ശസ്ത്രക്രിയകളും (അടിയന്തരമായവ ഒഴികെ) മറ്റ് പ്രൊസീജറുകളും നിര്‍ത്തിവെച്ചിരിക്കുന്നത് തുടരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
റിലേ നിരാഹാര സത്യാഗ്രഹം 24-ാം ദിവസവും തുടരുകയാണ്. ഫെബ്രുവരി 26 മുതല്‍ അനിശ്ചത കാലത്തേക്ക് എല്ലാ പരീക്ഷാജോലികളും ബഹിഷ്‌കരിക്കും. അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐ.സി.യു., ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ന്യായമായ ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനമെടുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
















