കരസേനാ ദക്ഷിണ കമാന്‍ഡ് മേധാവി ലെഫ്.ജനറല്‍ ധീരജ് സേത് പാങ്ങോട് സൈനിക കേന്ദ്രം സന്ദര്‍ശിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ സൈനികരുമായും, വിരമിച്ച സൈനിക ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തി. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വിരമിച്ച സൈനിക ഉദ്യോഗസ്ഥരെ ആദരിക്കുകയും ചെയ്തു. വിരമിച്ച ഏഴ് സൈനിക ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥരായ ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒ റിട്ട.കേണല്‍ സഞ്ജീവ് നായര്‍, നഴ്‌സിങ് ഓഫീസറായിരുന്ന റിട്ട. ലെഫ്.കേണല്‍ പി. ജീവ്‌നോ, രക്ഷാഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ടായ റിട്ട.സുബേദാര്‍ ജോസഫ് ആന്റണി, 82 വയസ്സായ മികച്ച ചിത്രകാരനായ റിട്ട. ഹവില്‍ദാര്‍ എ.സുകുമാരന്‍ നായര്‍, 2024-ല്‍ പൊന്‍കുന്നം വര്‍ക്കി അവാര്‍ഡും, 2025-ല്‍ എഴുത്തച്ഛന്‍ അവാര്‍ഡും ലഭിച്ച എഴുത്തുകാരനും കവിയുമായ റിട്ട. ഡഫെദാര്‍ ജോയ് എന്‍.ഐ, കായിക മേഖലയില്‍ കഴിവ് തെളിയിച്ച റിട്ട.നാവികസേനാ ഉദ്യോഗസ്ഥന്‍ വര്‍ഗ്ഗീസ് ഡിക്രൂസ്, മികച്ച കവിയും കേരള ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയില്‍ ഇടം നേടിയ ‘ദ്വന്ദ്വ പ്രാസ പ്രസാദം’ എന്ന ബുക്കിന്റെ രചയിതാവുമായ റിട്ട. സുബേദാര്‍ ബാബുരാജ്.ഡി എന്നിവരെയാണ് ആദരിച്ചത്.
പാങ്ങോട് സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സൈനികര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















