കിന്‍ഫ്ര ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും കഴക്കൂട്ടം ഫിലിം ആന്‍ഡ് ഐടി പാര്‍ക്കില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ധാരണാപത്ര കൈമാറ്റവും 23 തിങ്കളാഴ്ച വൈകിട്ട് നാലിന് തൈക്കാട് ഹോട്ടല്‍ ലെമണ്‍ ട്രീ പ്രീമിയറില്‍ വ്യവസായ മന്ത്രി പി.രാജീവ് നിര്‍വഹിക്കും. ചീഫ് സെക്രട്ടറി ഡോ. ജയതിലക് അധ്യക്ഷത വഹിക്കും.
രൂപീകൃതമായി 33 വര്‍ഷത്തിനുശേഷം ഇടപ്പഴഞ്ഞിയില്‍ കിന്‍ഫ്ര വിലയ്ക്കു വാങ്ങിയ 22 സെന്റ് സ്ഥലത്താണ് ആസ്ഥാനമന്ദിരം ഉയരുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ഓഫീസ് സമുച്ചയമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
കഴക്കൂട്ടം ഫിലിം ആന്‍ഡ് ഐടി പാര്‍ക്കില്‍ 1,77,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്ലഗ് ആന്‍ഡ് പ്ലേ ക്യാംപസ് മാതൃകയില്‍ നിര്‍മിച്ചിട്ടുള്ള ഐ.ടി കെട്ടിം ടാറ്റ എല്‍ക്സിക്ക് കൈമാറുന്നതിനുള്ള ധാരണാപത്രവും ചടങ്ങില്‍ ഒപ്പുവയ്ക്കും. ഫെബ്രുവരിയില്‍ കൊച്ചിയില്‍നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലാണ് ടാറ്റ എല്‍ക്സി ഇവിടെ തങ്ങളുടെ പുതിയ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള താല്‍പര്യം പ്രകടിപ്പിച്ചത്. നിലവില്‍ രണ്ടു ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ ടാറ്റ എല്‍ക്സിയുടെ ഒരു യൂണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനു പുറമേയാണ് സമീപത്തുതന്നെ ഒന്‍പതു നിലകളിലായി നിര്‍മിച്ച പുതിയ മന്ദിരംകൂടി ടാറ്റ എല്‍ക്സി ഏറ്റെടുക്കുന്നത്.
വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി: പി. വിഷ്ണുരാജ്, ടാറ്റ എല്‍ക്സി സിഎഫ്ഒ ഗൗരവ് ബജാജ്, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ബേബി ഉഴുത്തുവാല്‍, കിന്‍ഫ്ര എക്‌സ്‌പോര്‍ട് പ്രമോഷന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ചെയര്‍മാന്‍ സാബു ജോര്‍ജ്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, ജനറല്‍ മാനേജര്‍ ഡോ. ടി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.
















