ലഹരിമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നുകളുമായി യുവാവ് പിടിയിലായി. ക്ലാപ്പന കോട്ടയ്ക്കപ്പുറം ഷഹനാസ് മൻസിലിൽ നിഷാദ് (25) ആണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്ന് ക്ലാപ്പന ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്.
പ്രതിയിൽ നിന്നും അഞ്ച് എംഡിഎംഎ ഗുളികകളും, 3.11 ഗ്രാം എംഡിഎംഎ പൊടിയും, 204 ഗ്രാം കഞ്ചാവും ഉദ്യോഗസ്ഥർ കണ്ടെടുത്തു. വിപണിയിൽ സാധാരണയായി കാണപ്പെടുന്ന പൊടി രൂപത്തിലുള്ള എംഡിഎംഎയെക്കാൾ അതീവ പ്രഹരശേഷിയുള്ളതാണ് പിടിച്ചെടുത്ത ഗുളികകൾ. ഇതിന് വിപണിയിൽ വൻ വിലയാണുള്ളതെന്നും ഒരു ഗുളികയ്ക്ക് 4000 രൂപ വരെ ഈടാക്കിയാണ് പ്രതി വിൽപ്പന നടത്തിയിരുന്നതെന്നും എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.
















