പണവും അധികാരവും മനുഷ്യനെ അന്ധനാക്കുന്ന രണ്ട് വലിയ ലഹരികളാണ്. ഇവ കൈമുതലായുണ്ടെങ്കിൽ ഏത് നിയമത്തെയും വെല്ലുവിളിക്കാമെന്നും ആരെയും ഭയപ്പെടേണ്ടതില്ലെന്നുമുള്ള അഹങ്കാരം ചിലരെയെങ്കിലും വേട്ടയാടാറുണ്ട്. നീതി പോലും വിലയ്ക്കു വാങ്ങാൻ കഴിയുമെന്ന ഈ അന്ധമായ വിശ്വാസം സമൂഹത്തിൽ വരുത്തിവെക്കുന്ന ദുരന്തങ്ങൾ ചില്ലറയല്ല.
അത്തരമൊരു ഗർവിൻ്റെയും ക്രൂരതയുടെയും നേർചിത്രമായിരുന്നു 1999-ൽ രാജ്യതലസ്ഥാനമായ ദില്ലിയെ നടുക്കിയ ആ വെടിയൊച്ച. അധികാരത്തിൻ്റെ തണലിൽ ഒരു പെൺകുട്ടിയുടെ ജീവൻ കവർന്നെടുക്കുകയും, പണം കൊണ്ട് നീതിയെ തടയാൻ ശ്രമിക്കുകയും ചെയ്ത കറുത്ത അധ്യായം. എന്നാൽ, പണത്തിനും പ്രതാപത്തിനും തോൽപ്പിക്കാൻ കഴിയാത്ത ഒന്നാണ് സത്യസന്ധമായ പോരാട്ടമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തത് ഒരു സഹോദരിയുടെ നിശ്ചയദാർഢ്യമായിരുന്നു. തന്റെ പ്രിയപ്പെട്ടവളുടെ വേർപാടിൽ തളർന്നുപോകാതെ, നീതിക്കായി അവസാന ശ്വാസം വരെ പോരാടി വിജയിച്ച ഒരു പെൺകരുത്തിന്റെ കഥയാണിത്—ജെസീക്ക ലാൽ വധക്കേസ്
ദില്ലിയിലെ മെഹ്‌റൗളിയിൽ കുത്തബ് മിനാറിന്റെ നിഴൽ വീണുകിടക്കുന്ന ഒരു പഴയ ഹവേലിയുണ്ട്. 1999-ൽ ബീനാ രമണി എന്ന സോഷ്യലൈറ്റ് അവിടെ ‘ടാമറിൻഡ് കോർട്ട്’ എന്ന പേരിൽ ഒരു ആഡംബര റെസ്റ്റോറന്റ് തുറന്നു. കുത്തബ് മിനാറിന്റെ മനോഹരമായ കാഴ്ചയും വ്യാഴാഴ്ചകളിലെ ആഘോഷങ്ങളും ആ പ്ലേസിനെ ദില്ലിയിലെ സമ്പന്നരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റി.
1999 ഏപ്രിൽ 29-ാം തീയതി. അന്ന് ബീനയുടെ ഭർത്താവ് ജോർജ്ജ് മെയിൽഹോട്ട് ലോകപര്യടനത്തിന് പോകുന്നതിന്റെ ഭാഗമായി ഒരു വിടവാങ്ങൽ പാർട്ടി അവിടെ നടക്കുകയായിരുന്നു. ലിക്വർ ലൈസൻസ് ഇല്ലെങ്കിലും പാർട്ടിയിൽ മദ്യം ഒഴുകി. ബാർ കൗണ്ടറിൽ മോഡലുകളായ ജെസീക്ക ലാലും ഷാൻ മുൻഷിയും സെലിബ്രിറ്റി ബാർ ടെൻഡർമാരായി ജോലിയിലുണ്ടായിരുന്നു.
രാത്രി ഏതാണ്ട് 11:30 ആയപ്പോൾ അഞ്ച് യുവാക്കൾ അവിടേക്ക് കടന്നുവന്നു. സംഘത്തലവൻ ഹരിയാനയിലെ മന്ത്രി വിനോദ് ശർമ്മയുടെ മകൻ മനു ശർമ്മയായിരുന്നു. കൂടെ വികാസ് യാദവും കൂട്ടുകാരും. അവർ ബാർ കൗണ്ടറിൽ ചെന്ന് മദ്യം ആവശ്യപ്പെട്ടു. ബാർ ക്ലോസ് ചെയ്തെന്നും ഇനി മദ്യം നൽകാനാവില്ലെന്നും ജെസീക്ക ഉറപ്പിച്ചു പറഞ്ഞു. ആയിരം രൂപയുടെ നോട്ട് വീശി മനു ശർമ്മ വീണ്ടും ജെസീക്കയെ പ്രകോപിപ്പിച്ചു. “ആയിരം രൂപയ്ക്ക് നിന്നെ ഒന്ന് സിപ്പ് ചെയ്യാൻ കിട്ടുമോ?” എന്ന മനുവിന്റെ അശ്ലീല ചോദ്യത്തിന് മുന്നിൽ ജെസീക്ക വഴങ്ങിയില്ല. ഇത് മനുവിന്റെ അഹങ്കാരത്തിന് ഏറ്റ വലിയ പ്രഹരമായിരുന്നു.
കോപം തലയ്ക്ക് പിടിച്ച മനു ശർമ്മ തന്റെ കൈവശമുണ്ടായിരുന്ന 22 കാലിബർ പിസ്റ്റൾ പുറത്തെടുത്തു. ആദ്യം സീലിംഗിലേക്ക് ഒരു വെടി ഉതിർത്ത അയാൾ, പിന്നീട് തോക്ക് ജെസീക്കയ്ക്ക് നേരെ ചൂണ്ടി. പതറാതെ ജെസീക്ക തന്റെ നിലപാടിൽ ഉറച്ചുനിന്ന നിമിഷം, മനുവിന്റെ വിരലുകൾ ട്രിഗർ അമർത്തി. ഒരു വെടിയുണ്ട ജെസീക്കയുടെ ഇടതുകണ്ണിന് മുകളിലൂടെ തലയോട്ടി തുളച്ച് കയറി.
ജെസീക്കയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവ സ്ഥലത്തു വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. മനു ശർമ്മയും കൂട്ടുകാരും അവിടെനിന്നും രക്ഷപ്പെട്ടു. അധികാരവും പണവും ഉള്ളതിനാൽ ആ കേസ് ഒതുക്കി തീർക്കാൻ അവർ ശ്രമിച്ചു. ഷാൻ മുൻഷി അടക്കം 32 പ്രധാന സാക്ഷികൾ കോടതിയിൽ കൂറുമാറി. തനിക്ക് ഹിന്ദി അറിയില്ലെന്നടക്കമുള്ള വിചിത്രമായ ന്യായങ്ങളാണ് ഷാൻ കോടതിയിൽ പറഞ്ഞത്. തെളിവുകളുടെ അഭാവത്തിൽ 2006-ൽ മനു ശർമ്മയെ വിചാരണ കോടതി വെറുതെ വിട്ടു.
പക്ഷേ, ജെസീക്കയുടെ സഹോദരി സബ്രീന ലാൽ തോൽക്കാൻ തയ്യാറല്ലായിരുന്നു. തന്റെ സഹോദരിയുടെ കൊലയാളിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ അവൾ നിയമപോരാട്ടം തുടങ്ങി. ”No One Killed Jessica” എന്ന തലക്കെട്ടോടെ വന്ന വാർത്തകൾ രാജ്യത്തെ ഞെട്ടിച്ചു. ജനരോഷം ആളിപ്പടർന്നു.
അവസാനം കേസ് ഹൈക്കോടതിയിലെത്തിയപ്പോൾ തെളിവുകൾ പുനപ്പരിശോധിക്കപ്പെട്ടു. തെളിവുകളുടെ അടിസ്ഥാനത്തിൽ മനു ശർമ്മ കുറ്റക്കാരനാണെന്ന് കണ്ടുപിടിക്കുകയും, മനു ശർമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു. 2020-ൽ ജയിൽ മോചിതനായ ശേഷം മനു ശർമ്മ സബ്രീനയോടും കുടുംബത്തോടും മാപ്പ് ചോദിച്ചു. വർഷങ്ങൾക്ക് ശേഷം സബ്രീനയും ഈ ലോകത്തോട് വിടപറഞ്ഞു.
അധികാരത്തിന് മുന്നിൽ തലകുനിക്കാത്ത ഒരു പെൺകുട്ടിയുടെയും, അവൾക്കായി പൊരുതിയ അവളുടെ സഹോദരിയുടെയും നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി ഇന്നും ഈ കഥ നിലനിൽക്കുന്നു
















