ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ മകൻ അഗസ്ത്യക്കും മുൻ ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനും കോടികൾ വിലമതിക്കുന്ന സമ്മാനിച്ചു. കറുപ്പ് നിറത്തിലുള്ള എസ്യുവി മോഡലായ ലാൻഡ് റോവർ ഡിഫൻഡറാണ് താരം അവർക്ക് സമ്മാനമായി നൽകിയത്. 1.49 കോടി രൂപ മുതൽ 3.10 കോടി രൂപ വരെയാണ് വില വരുന്നത്. മുംബൈയിലെ ലാൻഡ് റോവർ ഷോറൂമിൽ എത്തി മുൻ ഭാര്യ നടാഷ സ്റ്റാൻകോവിച്ചും മകൻ അഗസ്ത്യയും ചേർന്നാണ് കാറിന്റെ താക്കോൽ ഏറ്റുവാങ്ങിയത്.
മകനൊപ്പം നടാഷ നിൽക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ലാൻഡ് റോവർ മുംബൈയ്‌യുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുറത്തുവന്നത്. എന്നാൽ ഇതിന്റെ ഏത് വകഭേദമാണെന്ന് വ്യക്തമാക്കിയിട്ടില്ല. 2020 ൽ ഇന്ത്യൻ നിരത്തുകളിൽ തിരികെയെത്തിയ ഈ വാഹനം 2025 ൽ ഒന്നുകൂടെ മുഖം മിനുക്കുകയും ചെയ്തു.
വി8 എൻജിൻ, 2.0 ലീറ്റർ പെട്രോൾ എൻജിൻ, 3.0 ലീറ്റർ ഡീസൽ എൻജിൻ തുടങ്ങി വിവിധ ഓപ്ഷനുകളിൽ ഈ വാഹനം എത്തുന്നുണ്ട്. എങ്കിലും 2025 പതിപ്പിൽ നൽകിയിട്ടുള്ള വി8 എൻജിനാണ് ഏറ്റവും കരുത്തൻ. 5.0 ലീറ്റർ വി8 എൻജിൻ 426 ബിഎച്ച്പി. പവറും 610 എൻ എം ടോർക്കുമാണ് ഉൽപാദിപ്പിക്കുന്നത്. 14 രീതിയൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന പവേർഡ് മുൻനിര സീറ്റുകൾ, 14 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീൻ ഡിസ്പ്ലേ, ഡിജിറ്റൽ ഡ്രൈവർ പാനൽ, 360 ഡിഗ്രി ക്യാമറ, കസ്റ്റമൈസ്ഡ് ആംബിയന്റ് ലൈറ്റിങ്, പനോരമിക് സൺറൂഫ്, റഫ്രിജറേറ്റർ കംപാർട്ട്മെന്റ് തുടങ്ങി ഒട്ടനവധി ഫീച്ചറുകളും വാഹനത്തിലുണ്ട്.
















