പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ആണവ ഭീഷണികൾ വെറും വെറുംവാക്കുകൾ മാത്രമാണെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും വെസ്റ്റേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ. ഭാവിയിൽ ഒരു യുദ്ധമുണ്ടായാൽ അത് ഇന്ത്യയുടെ നിർണ്ണായക വിജയത്തിലായിരിക്കും അവസാനിക്കുകയെന്ന് അദ്ദേഹം പാക്കിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി. മാമൂൻ മിലിറ്ററി സ്റ്റേഷനിലെ ധ്യാൻ സിങ് സ്റ്റേഡിയത്തിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളിലെ സൈനിക നീക്കങ്ങളെ ഉദ്ധരിച്ചുകൊണ്ട് പാക്കിസ്ഥാന്റെ ഇരട്ടത്താപ്പിനെ ജനറൽ കത്യാർ വിമർശിച്ചു. ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ പാക്കിസ്ഥാൻ നേരിട്ട പരാജയഭീതിയെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഒരുവശത്ത് ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കുമ്പോൾ തന്നെ, മറുവശത്ത് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പാക്കിസ്ഥാൻ വെടിനിർത്തലിനായി യാചിക്കുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. തങ്ങൾ തകർന്നടിയുകയാണെന്ന് കണ്ടാൽ പകുതി ലോകത്തെയും ഒപ്പം കൊണ്ടുപോകുമെന്നായിരുന്നു അന്ന് അവർ ഉയർത്തിയ ഭീഷണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൈന്യം അത്തരം ഭീഷണികളെ പാടെ അവഗണിച്ചുകൊണ്ടാണ് മുന്നോട്ട് പോയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവിയെക്കുറിച്ച് കൃത്യമായ പദ്ധതിയോടും മികച്ച പ്രതിരോധ സജ്ജീകരണങ്ങളോടും കൂടിയാണ് ഇന്ത്യ ഇന്ന് നിലകൊള്ളുന്നത്. ശത്രുവിന്റെ ഭീഷണികൾക്ക് മുന്നിൽ പതറാതെ, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധതന്ത്രങ്ങളിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെക്കുറിച്ചും ലഫ്റ്റനന്റ് ജനറൽ ഊന്നിപ്പറഞ്ഞു. ശത്രുരാജ്യത്തിന്റെ ഏത് നീക്കത്തെയും പ്രതിരോധിക്കാനും അവരെ അപ്രസക്തമാക്കാനും തക്കവണ്ണമുള്ള ആധുനിക യുദ്ധമുറകളാണ് ഇന്ത്യ പയറ്റുന്നത്. അതിർത്തി കടന്നുള്ള പ്രകോപനങ്ങൾ ഉണ്ടായാൽ അത് പാക്കിസ്ഥാന് താങ്ങാനാവാത്ത ആഘാതമായിരിക്കുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ വ്യക്തമാക്കി.
















