കേരള സ്റ്റോറി 2 വിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ അപകീർത്തിപ്പെടുത്തുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തിയ ഹർജിക്കാരെ മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രത്യേകം അഭിനന്ദിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു സംസ്ഥാനത്തെയാകെ അവഹേളിക്കാനും സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള നീക്കങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തെ തീവ്രവാദികളുടെ നാടായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് വിവേകബുദ്ധിയോടെ സത്യം ഉയർത്തിപ്പിടിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
വിദ്വേഷം വിതയ്ക്കാനും മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം ‘വിഷസൃഷ്ടികൾ’ക്കെതിരെ നിയമവഴികൾ തേടിയത് മാതൃകാപരമാണ്.
മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേരള മാതൃകയെ തകർക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
















