മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവ് ബിതുലിന്റെ വീടിന് നേരെ ബോംബേറുണ്ടായ സംഭവത്തിൽ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എംപി രംഗത്ത്. അക്രമണത്തിന് കാരണം മന്ത്രി നടത്തിയ കള്ള പ്രചരണമാണ്. വീട്ടിൽ കിടന്നുറങ്ങിയ ബിതുലിൻ്റെ അമ്മ തങ്കത്തിൻ്റെ മുറിയിൽ വന്നു വീണ ബോംബിന് മന്ത്രി വീണ ജോർജ് മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു.
ഇതും രക്ഷാപ്രവർത്തനത്തിൻ്റെ പട്ടികയിൽ വരുമോ എന്ന് മുഖ്യമന്ത്രി പറയണമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. മന്ത്രിയെ ആരെങ്കിലും അക്രമിക്കുന്നത് കാഴ്ചയുള്ള ആരെങ്കിലും കണ്ടോ എന്ന് പാർട്ടി സെക്രട്ടറി ചോദിച്ചറിയണം. കലാപാഹ്വാനത്തിന് എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിപിഐഎം ലോക്കൽ സെക്രട്ടറിയാണ് ബിതുലിൻ്റെ വീട് അന്വേഷിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടത്. സിപിഐഎം നേതാക്കൾ ഗൂഢാലോചന നടത്തിയാണ് അക്രമം നടത്തിയതെന്ന് ഷാഫി ആരോപിച്ചു.
സൈബർ ഇടങ്ങളിൽ ബിതുലിന് അഡ്വാൻസ് ആദരാഞ്ജലി നേർന്നവരാണ് സഖാക്കൾ. യുഡിഎഫ് പ്രവർത്തകരുടെ വീടുകൾ അക്രമിച്ചതിൽ പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഒരാളെപ്പോലും അറസ്റ്റ് ചെയ്യുന്നില്ല. ബിതുലിനെ നേരത്തെ അക്രമിച്ച സംഭവത്തിലും നടപടി ഉണ്ടായിട്ടില്ല. ഇതിലെല്ലാം നടപടി ഉണ്ടായില്ലെങ്കിൽ സമരങ്ങളുടെ വേലിയേറ്റമുണ്ടാകുമെന്ന് ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
















