സൗഹൃദം – മിക്കവരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ ബന്ധമാണത്. എന്തിനും ഏതിനും കൂടെ നിൽക്കുമെന്നും, ഒരു വിളിപ്പുറത്ത് സഹായവുമായെത്തുമെന്നും നമ്മൾ വിശ്വസിക്കുന്ന ഒരാൾ. സ്വന്തം രക്തബന്ധത്തേക്കാൾ നമ്മൾ സ്നേഹിക്കുന്ന, രഹസ്യങ്ങൾ പങ്കുവെക്കുന്ന, ആപത്തിൽ താങ്ങാകുന്ന ആ സുഹൃത്ത് തന്നെ ഒരുനാൾ അന്തകനായി മാറിയാലോ? സ്വന്തം സഹോദരിയെപ്പോലെ കരുതിയ ആൾ തനിക്കുനേരെ മരണക്കയറൊരുക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിക്കാണില്ല.
ഗുജറാത്തിനെ നടുക്കിയ ആ ക്രൂരകൃത്യം അത്തരത്തിലൊന്നായിരുന്നു. തന്നെ അമിതമായി വിശ്വസിച്ച, ഭർത്താവിനോട് പോലും പറയാതെ ലക്ഷങ്ങൾ കടം നൽകി സഹായിച്ച തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ, പണത്തോടുള്ള ആർത്തി മൂലം ബബിതയെന്ന യുവതി കൊലപ്പെടുത്തിയ വാർത്ത 2022-ൽ രാജ്യം നടുക്കത്തോടെയാണ് കേട്ടത്. സ്നേഹത്തിന് പകരം മരണം നൽകിയ, വിശ്വാസത്തെ വഞ്ചന കൊണ്ട് നേരിട്ട ആ ദാരുണമായ കൊലപാതകത്തിന്റെ കഥ.
ഗുജറാത്തിലെ വൽസാദ് ജില്ലയിലെ ശാന്തമായ ഒരു കുടുംബമായിരുന്നു ഹരീഷിന്റേതും വൈശാലിയുടേതും. ഹരീഷ് ഒരു ഗിത്താറിസ്റ്റും ഭാര്യ വൈശാലി പോപ്പ് ഗാനങ്ങൾ പാടുന്ന ഗായികയുമായിരുന്നു. ഹരീഷിന്റെ ആദ്യ വിവാഹത്തിലെ മകളും ഇവർക്ക് വൈശാലിയിലുണ്ടായ മകളുമടക്കം രണ്ട് മക്കളുമായി സ്നേഹനിർഭരമായ ഒരു ജീവിതമായിരുന്നു അവർ നയിച്ചിരുന്നത്. എന്നാൽ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഒരു കൊടുംചതി അവരുടെ ആ സന്തോഷകരമായ ജീവിതം ഇല്ലാതാക്കുകയായിരുന്നു.
2022 ഓഗസ്റ്റ് 27-ന് രാവിലെ. വൈശാലി ഹരീഷിനോട് പറഞ്ഞു താൻ തൊട്ടടുത്തുള്ള അയ്യപ്പൻ ക്ഷേത്രത്തിനരികിലെ സുഹൃത്തിന്റെ വീട്ടിൽ പോയിട്ട് വരാം, മൂന്ന്-നാല് മണിക്കൂറിനുള്ളിൽ തിരികെയെത്തും” എന്ന്. തന്റെ ബാലേനോ കാറുമായി വൈശാലി യാത്രയായി. ഭാര്യയെ അങ്ങേയറ്റം വിശ്വസിച്ചിരുന്ന ഹരീഷ് അധികം ചോദ്യങ്ങളൊന്നും ചോദിക്കാതെ അവളെ യാത്രയയക്കുകയും ചെയ്തു. എന്നാൽ വൈകുന്നേരമായിട്ടും വൈശാലി വരാത്തതിനെത്തുടർന്ന് ഹരീഷ് പലതവണ അവളെ ഫോൺ വിളിച്ചു നോക്കി എന്നാൽ സ്വിച്ച് ഓഫ് ആയിരുന്നു. ഒടുവിൽ നിവൃത്തിയില്ലാതെ ഹരീഷ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഓഗസ്റ്റ് 28-ന് വൈകുന്നേരം പോലീസിന് ഒരു ഫോൺ കോൾ ലഭിച്ചു. ഗ്രാമത്തിൽ നിന്നും മാറി വിജനമായ ഒരു റോഡരികിൽ ഒരു ബാലേനോ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടു എന്നായിരുന്നു സന്ദേശം. പോലീസ് അവിടെ എത്തിയപ്പോൾ കാർ ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. കാറിന്റെ പിൻസീറ്റിൽ അബോധവസ്ഥയിൽ വൈശാലിയെയും അവർ കണ്ടു. ഉടൻ തന്നെ പോലീസ് മെക്കാനിക്കിനെ വരുത്തി കാർ തുറന്ന് പരിശോധിച്ചപ്പോൾ വൈശാലി മരിച്ചിരുന്നു.
വൈശാലിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളും കാറിന്റെ താക്കോലും കാണാനില്ലായിരുന്നു. ആദ്യം ഇതൊരു മോഷണശ്രമമാണെന്ന് കരുതിയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ എല്ലാവരും ഞെട്ടി. വൈശാലിയെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയ ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതായിരുന്നു.
ഹരീഷിനെ സംശയിച്ചെങ്കിലും അയൽവാസികളുടെ സാക്ഷ്യവും ഹരീഷിന്റെ പെരുമാറ്റവും അവനെ സംശയത്തിന്റെ നിഴലിൽ നിന്നും മാറ്റി. തുടർന്ന് സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പോലീസ് പരിശോധിച്ചു. അങ്ങനെ അവർക്ക് വൈശാലിയുടെ ഫോൺ കോളുകളിൽ നിന്നും ‘ബബിത’ എന്ന പേര് ലഭിച്ചു. വൈശാലിയുടെ ഉറ്റ സുഹൃത്തായിരുന്നു ബബിത. ബബിതയെ പോലീസ് ചോദ്യം ചെയ്തപ്പോൾ അവർ ഒരു ഗർഭിണിയായിരുന്നു. താൻ വൈശാലിയെ കണ്ടിരുന്നുവെന്നും അവൾക്കൊപ്പം വേറെ രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നുവെന്നും ബബിത മൊഴി നൽകി.
എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ വൈശാലിയുടെ കാറിൽ ബബിതയെ കണ്ട സമയത്ത് മറ്റാരും കാറിലില്ലായിരുന്നു. പോലീസ് ഒരു കള്ളം പ്രയോഗിച്ചു. ജയിലിൽ കിടക്കുന്ന ഒരു കുറ്റവാളിയുടെ ചിത്രം കാണിച്ച് “ഇയാളാണോ വൈശാലിയുടെ കൂടെ ഉണ്ടായിരുന്നത്?” എന്ന് ചോദിച്ചപ്പോൾ ബബിത “അതെ” എന്ന് സമ്മതിച്ചു. ബബിതയുടെ കള്ളം അവിടെ പൊളിഞ്ഞു.
തുടർന്ന് നടന്ന കടുത്ത ചോദ്യം ചെയ്യലിൽ ബബിത കുറ്റം സമ്മതിച്ചു. വൈശാലിയുമായി വർഷങ്ങളായുള്ള സൗഹൃദത്തിനിടയിൽ പലപ്പോഴായി ബബിത 25 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഭർത്താവിനോട് പോലും പറയാതെയാണ് വൈശാലി തന്റെ ഉറ്റ സുഹൃത്തിനെ സഹായിച്ചത്. എന്നാൽ വൈശാലി ഈ തുക തിരികെ ചോദിക്കാൻ തുടങ്ങിയതോടെ ബബിത അവളെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. സുഖ്‌വീന്ദർ എന്ന വാടകക്കൊലയാളിക്ക് 8 ലക്ഷം രൂപ നൽകിയാണ് ബബിത ഈ കൊടുംക്രൂരത നടപ്പിലാക്കിയത്. സംഭവദിവസം 8 ലക്ഷം രൂപ റെഡിയായിട്ടുണ്ടെന്നും അത് വാങ്ങാൻ വരണമെന്നും പറഞ്ഞ് വൈശാലിയെ വിളിച്ചുവരുത്തി, വഴിയിൽ വെച്ച് കാറിൽ കയറിയ ബബിതയും സംഘവും വൈശാലിയെ കൊലപ്പെടുത്തുകയായിരുന്നു.
സ്നേഹത്തോടെ കൂടെ നിന്ന ഒരു സുഹൃത്തിനെ പണത്തിന് വേണ്ടി ഇല്ലാതാക്കിയ ബബിതയും സുഹൃത്തുക്കളും ഇപ്പോൾ ജയിലിലാണ്. തന്റെ ഭാര്യ തന്നെ അറിയിക്കാതെ ഇത്ര വലിയ തുക നൽകിയതും അത് അവളുടെ ജീവന് തന്നെ ആപത്തായതും ഹരീഷിന് ഇന്നും വിശ്വസിക്കാനായിട്ടില്ല. ആർക്കും പണം കടം കൊടുക്കുമ്പോൾ അത് മറ്റുള്ളവർ കൂടി അറിയുന്ന രീതിയിലോ എഗ്രിമെന്റ് എഴുതിയോ ചെയ്യണമെന്നും അമിതമായ വിശ്വാസം പലപ്പോഴും അപകടമാകുമെന്നും ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
















