അമരാവതി: ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയിൽ പടക്ക നിർമ്മാണ യൂണിറ്റിൽ സ്ഫോടനം. അപകടത്തിൽ 18 പേർ മരിച്ചു.ഗുരുതരാവസ്ഥയിലായ എട്ട് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെതലപാളയം ഗ്രാമത്തിൽ ഗോദാവരി കനാലിന് സമീപമുള്ള സൂര്യ ശ്രീ ഫയർ വർക്ക്സിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്.
തീ ആകാശത്തേക്ക് ഉയർന്ന് വലിയ പുകപടലങ്ങൾ പ്രദേശമാകെ വ്യാപിച്ചു. സ്ഫോടനത്തിന്റെ തീവ്രത അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കേൾക്കാമായിരുന്നതായി നാട്ടുകാർ പറഞ്ഞു. സമീപത്തെ ഒരു സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ സ്ലാബിൽ പ്രകമ്പനം കാരണം വിള്ളലുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്.
മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് അധികൃതർ പറഞ്ഞു. 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്, മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തിരിച്ചറിയാനാകാത്ത രീതിയിൽ ശരീരങ്ങൾ കരിഞ്ഞ നിലയിലാണ്. നിശ്ചിത ശേഷിയിൽ കൂടുതൽ പടക്കങ്ങൾ നിർമ്മിച്ചതാകാം സ്ഫോടനത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വർധിപ്പിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി. പിന്നീട് അദ്ദേഹം സംഭവസ്ഥലം സന്ദർശിച്ചു.
















