ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് 2 തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചതെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
യുഎഇ, ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ ഏഴ് രാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്കാണ് ഈ ഉത്തരവ് ബാധകം. മേഖലയിലെ വഷളായ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് ബോർഡിന്റെ ഈ നിർണ്ണായക തീരുമാനം.
നേരത്തെ പരീക്ഷകൾ റദ്ദാക്കിയതായി സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പരീക്ഷകൾ റദ്ദാക്കിയിട്ടില്ലെന്നും താൽക്കാലികമായി മാറ്റിവെക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് ഔദ്യോഗികമായി അറിയിക്കും.
















