മുടി കൊഴിയുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ടെൻഷൻ തരുന്ന ഒരു കാര്യമാണ്. മുടി ഇങ്ങനെ കൊഴിയുന്നത് കഷണ്ടിയിലേക്ക് നയിക്കുമോ എന്നതാണ് പലരുടെയും ആശങ്ക. പാരമ്പര്യവും വാര്‍ധക്യവുമായി മുടി കൊഴിച്ചിലിന് ഏറെ ബന്ധമുണ്ട്. എന്നിരുന്നാലും പുരുഷന്മാരില്‍ കഷണ്ടിയുണ്ടാകാനുള്ള ഒരു കാരണം പുകവലിയാണത്രേ. നിരവധി പഠനങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പുകവലിക്കുന്ന പുരുഷന്മാരില്‍ പുകവലിക്കാത്തവരെ അപേക്ഷിച്ച് കഷണ്ടിവരാനുളള സാധ്യത കൂടുതലാണെന്ന് നിരവധി പഠനങ്ങൾ പറയുന്നു. പുകവലിക്കാര്‍ക്ക് മുടികൊഴിച്ചിലിനുള്ള സാധ്യത ഇരട്ടിയോളം കൂടുതലായിരിക്കും എന്നാണ് കണ്ടെത്തൽ. പുകവലി രക്ത ചംക്രമണത്തെയും ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പുകവലിക്കുന്നവരില്‍ രക്തക്കുഴലുകള്‍ ചുരുങ്ങും. ഇതോടെ ഓക്‌സിജന്‍ ഒഴുക്ക് കുറയുകയും പോഷകങ്ങളുടെ വിതരണം കുറയുകയും ചെയ്യും. ആരോഗ്യമുളള മുടി വളരുന്നത് രോമകൂപങ്ങളില്‍ ഓക്‌സിജനും പോഷകങ്ങളും ലഭിക്കുന്നതിനെ ആശ്രയിച്ചാണ്. ശരിയായ പോഷണം ലഭിച്ചില്ലെങ്കില്‍ മുടി കനം കുറഞ്ഞ് ദുര്‍ബലമാകും, ഇതോടെ വേഗത്തില്‍ കൊഴിഞ്ഞുപോകുകയും ചെയ്യും. എല്ലാ പുകവലിക്കാരിലും കഷണ്ടി വരുമെന്ന് ഇതിന് അർത്ഥമില്ല, എന്നാൽ അപകടസാധ്യത കൂടുതലാണെന്ന് മറക്കരുത്.
















