ഇറാന്റെ ഭീകര ഭരണകൂടത്തിനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വരും ദിവസങ്ങളില്‍ ആയിരക്കണക്കിന് ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുമെന്ന മുന്നറിയിപ്പും നെതന്യാഹു നല്‍കുന്നു. ഇറാനിലെ ജനങ്ങളെ സ്വേച്ഛാധിപത്യത്തിന്റെ ചങ്ങലകളില്‍ നിന്ന് മോചിതരാക്കുമെന്നാണ് നെതന്യാഹു വ്യക്തമാക്കുന്നത്. ഇറാന്‍ ജനത ഈ അവസരം നഷ്ടപ്പെടുത്തരുത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണിത്. നിഷ്‌ക്രിയരായി ഇരിക്കരുത്. ഭീകര ഭരണകൂടത്തെ അട്ടിമറിക്കാന്‍ തെരുവിലിറങ്ങണം. നിങ്ങളുടെ കഷ്ടപ്പാടുകളും ത്യാഗങ്ങളും വെറുതെയാകില്ല. ചരിത്ര ദൗത്യത്തിനായി ഒന്നിക്കേണ്ട സമയം വന്നിരിക്കുന്നു – നെതന്യാഹു വ്യക്തമാക്കി.
ഇറാന്‍, പേര്‍ഷ്യ, കുര്‍ദ്, അസര്‍ബൈജാന്‍, അഹ്വാസി, ബലൂചി സൈന്യം ഒന്നിക്കണമെന്നും നെതന്യാഹു പറഞ്ഞു. ഇറാന്‍ ജനതയെ അഭിസംബോധന ചെയ്താണ് നെതന്യാഹുവിന്റെ വിഡിയോ. പേര്‍ഷ്യന്‍ ഭാഷയിലെ വിഡിയോ പുറത്തുവിട്ടു. അതേസമയം, ഇറാനിലെ തബ്രിസ് വിമാനത്താവളത്തില്‍ രണ്ട് യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. പറന്നുയരാന്‍ തയ്യാറെടുക്കുന്നതിനിടെ എഫ്5, എഫ്4 എന്നീ രണ്ട് യുദ്ധവിമാനങ്ങള്‍ ആക്രമിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് ഇസ്രായേല്‍ വ്യോമസേന അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന്റെ ഇരുവശത്തുമായി നൂറുകണക്കിന് കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
അസംസ്‌കൃത എണ്ണ, എല്‍എന്‍ജി കപ്പലുകള്‍ ഉള്‍പ്പെടെ 150 ചരക്കു കപ്പലുകളെങ്കിലും ഹോര്‍മുസിലേക്ക് കടക്കാതെ നങ്കൂരമിട്ടിട്ടുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആശങ്ക പ്രകടിപ്പിച്ചു. ആയുധങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ പറഞ്ഞു. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നിലാണ് മാര്‍പാപ്പയുടെ പ്രസംഗം. സംഭാഷണത്തിലൂടെ മാത്രമാണ് സമാധാനം കെട്ടിപ്പടുക്കാന്‍ സാധിക്കുക. നയതന്ത്ര മാര്‍ഗത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കണം. സമാധാനത്തിനായി പ്രാര്‍ഥിക്കണം – മാര്‍പാപ്പ വ്യക്തമാക്കി.
Story Highlights : ‘Attacks against Iran’s terrorist regime will continue’; Benjamin Netanyahu
















