ഇറാൻ-അമേരിക്ക-ഇസ്രയേൽ പോരാട്ടം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഹിസ്ബുള്ളയും രംഗത്ത്. ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ വധത്തിന് പ്രതികാരമായാണ് ലബനനിൽ നിന്നുള്ള ഈ നീക്കം.
കഴിഞ്ഞ ഒരു വർഷമായി വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും ഇറാനോടുള്ള കൂറ് നിലനിർത്തിക്കൊണ്ട് ഹിസ്ബുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
വടക്കൻ ഇസ്രയേലിൽ പലയിടത്തും സൈറണുകൾ മുഴങ്ങിയതായും ചില പ്രൊജക്റ്റൈലുകൾ തുറന്ന പ്രദേശങ്ങളിൽ പതിച്ചതായും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
ഹിസ്ബുള്ളയുടെ കടന്നുകയറ്റത്തിന് പിന്നാലെ ബെയ്‌റൂട്ട് ഉൾപ്പെടെയുള്ള ലബനൻ മേഖലകളിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു. ലബനനിലുടനീളമുള്ള ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഐഡിഎഫ് ആക്രമണം ആരംഭിച്ചുകഴിഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തിനിടെ ഹിസ്ബുള്ള ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്രയേൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ഇസ്രയേലിൽ അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടിയിട്ടുണ്ട്.
പടിഞ്ഞാറൻ ജറുസലേമിൽ നടന്ന ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
















