ആഗോള വിപണിയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, സ്വർണ്ണവില കുതിച്ചുയരുമെന്ന പ്രവചനങ്ങളെ അപ്രതീക്ഷിതമായി തിരുത്തിക്കുറിച്ച് കേരളത്തിൽ ഇന്ന് വിലയിൽ വൻ ഇടിവ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന് റെക്കോർഡ് വില നൽകുന്നുണ്ടെങ്കിലും, സംസ്ഥാനത്ത് ഇന്ന് രാവിലെ വില ഗണ്യമായി കുറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 15,565 രൂപ എന്ന നിരക്കിലേക്ക് വില താഴ്ന്നു. പവന്റെ വിലയിൽ 2,400 രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,24,520 രൂപയായി മാറി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന വിലയിലാണ് ഈ അപ്രതീക്ഷിത ഇടിവുണ്ടായിരിക്കുന്നത്.
















