ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. വടക്കൻ ടെഹ്‌റാനിലെ ജാമേ ജാം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങിൻ്റെ രണ്ട് പ്രധാന സമുച്ചയങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്തു. ആക്രമണത്തിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായും നിരവധിയാളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്ച രാത്രിയോടെ നടന്ന ആക്രമണത്തെത്തുടർന്ന് ഇറാനിലെ റേഡിയോ, ടെലിവിഷൻ സംപ്രേഷണങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ ഐആർഐബിയുടെ സംപ്രേഷണ സംവിധാനങ്ങൾ ഇസ്രായേൽ ഹൈജാക്ക് ചെയ്തതായാണ് വിവരം. സംപ്രേഷണം പുനരാരംഭിച്ചപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനിയൻ ജനതയെ അഭിസംബോധന ചെയ്യുന്ന വീഡിയോ സന്ദേശമാണ് ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്. “ഓപ്പറേഷൻ റോറിംഗ് ലയൺ” എന്ന പേരിൽ അമേരിക്കയുമായി ചേർന്ന് നടത്തുന്ന സൈനിക നീക്കത്തിൻ്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു.
തങ്ങളുടെ മാധ്യമ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം അമേരിക്കയും ഇസ്രായേലും സംയുക്തമായി ആസൂത്രണം ചെയ്തതാണെന്ന് ഐആർഐബി ന്യൂസ് നെറ്റ്‌വർക്ക് ആരോപിച്ചു. സുരക്ഷാ കാരണങ്ങളാൽ പല പതിവ് പരിപാടികളും മാറ്റി വെച്ചിരുന്ന സമയത്താണ് ഈ ആക്രമണം ഉണ്ടായത്. ഇതിനിടെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നത് മേഖലയിൽ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്
ലഭ്യമായ വിവരമനുസരിച്ച്, നിലവിലെ ഏറ്റുമുട്ടലുകളിൽ ഇറാനിൽ മാത്രം ഇതുവരെ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു. ഇതിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരിച്ചടിയായി ഇറാൻ നടത്തിയ മിസൈൽ – ഡ്രോൺ ആക്രമണങ്ങളിൽ ഇസ്രായേലിലും ഗൾഫ് മേഖലയിലുള്ള അമേരിക്കൻ സൈനിക താവളങ്ങളിലും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടതായാണ് സൂചന.
















