വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ സിനിമാ മേഖല. പല പ്രശ്നങ്ങൾക്കും പരിഹാരം തേടിക്കൊണ്ട് നിലനിൽപ്പിനുവേണ്ടി പല ഘട്ടങ്ങളിലായി സിനിമാ മേഖലയിലെ മിക്ക സംഘടനകളും സർക്കാറിനെ സമീപിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ കേട്ടതിന് ശേഷം എല്ലാത്തിനും പരിഹാരം കണ്ടെത്തുമെന്ന് വാഗ്ദാനം നൽകിയെങ്കിലും പിന്നീട് അതിനെത്തുടർന്ന് മറ്റ് പ്രവർത്തനങ്ങളൊന്നും ഉണ്ടായില്ല. അതിലൊന്നായിരുന്നു ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിർമ്മിക്കുന്ന മലയാള ചിത്രങ്ങൾക്ക് നൽകിവരുന്ന സബ്ലിഡി കാലാനുസൃതമായി വർദ്ധിപ്പിക്കണം എന്നുള്ളത്. എന്നാൽ ആ ആവിശ്യംപോലും സർക്കാർ ഇതുവരെ പരിഗണിക്കുകയോ തീരുമാനം കെെക്കൊള്ളുകയോ ചെയ്തിട്ടില്ല. ഈ വിഷയത്തിൽ പ്രതിഷേധ സൂചകമായിട്ടാണ് ഇപ്പോൾ ഫിലിം ചേംബർ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉദ്ഘാടനം ബഹിഷ്കരിക്കും എന്നൊരു തീരുമാനം എടുത്തിരിക്കുന്നത്. സിനിമാ മേഖലയിലെ എല്ലാ സംഘടനകൾക്കും, മാധ്യമങ്ങൾക്കും ഇക്കാര്യം പരാമർശിച്ചുകൊണ്ട് ഫിലിം ചേംബർ കത്തയച്ചിട്ടുണ്ട്.
കത്തിന്റെ പൂർണരൂപം
”മലയാള ചലച്ചിത്ര വ്യവസായം നിലനിൽപ്പിനുവേണ്ടി പല ഘട്ടങ്ങളിലായി സംസ്ഥാന സർക്കാരിനോട് സഹായം അഭ്യർത്ഥിക്കുകയും അതിനെത്തുടർന്ന 20.01.2026ൽ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ എല്ലാസംഘടനകളുടേയും പ്രതിനിധികളെ വിളിച്ച് ചേർത്ത് ഒരു യോഗം കൂടുകയും ചെയ്തതുപ്രകാരം രണ്ട് ആഴ്ചക്കകം നമ്മൾ ആവശ്യപ്പെട്ട വിവിധ വിഷയങ്ങളിൽ തീരുമാനം ഉണ്ടാക്കാമെന്ന് ഉറപ്പു നൽകിയിരുന്നു.
നമ്മൾ സർക്കാരിനോടാവശ്യപ്പെട്ട പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നായിരുന്നു ചിത്രാഞ്ജലിയിൽ നിർമ്മിക്കുന്ന മലയാള ചിത്രങ്ങൾക്ക് നൽകിവരുന്ന സബ്ലിഡി കാലാനുസൃതമായി വർദ്ധിപ്പിക്കണം എന്നുള്ളത്.എന്നാൽ ഈ വിഷയത്തിലും മറ്റ് വിഷയങ്ങളിലും നാളിതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ആയതിനാൽ 04.03.2026ൽ ചിത്രാഞ്ജലിയിൽ നടക്കുന്ന നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഒന്നാംഘട്ട ഉത്ഘാടനപരിപാടിയിൽ സിനിമ വ്യവസായത്തിലെ സംഘടനകൾ പങ്കെടുക്കാതെ നമ്മുടെ പ്രതിഷേധം അറിയിക്കണമെന്നാണ് ഫിലിം ചേംബറിന്റെ അഭിപ്രായം.”
















