മലയാളത്തിന്റെ പ്രിയ താരം അനശ്വര രാജൻ നായികയായി എത്തിയ തമിഴ് ചിത്രം ‘വിത്ത് ലൗ’ ഒ.ടി.ടിയിലേക്ക്. ഫെബ്രുവരി 6നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. അഭിഷാൻ ജീവിന്ത് ആണ് നായകൻ. പ്രണയത്തോട് ഭയവും അരക്ഷിതാവസ്ഥയുമുള്ള ‘സത്യശീലൻ’ എന്ന യുവാവിന്റെ കഥയാണ് ‘വിത്ത് ലൗ’ പറയുന്നത്. ചിത്രം മാർച്ച് 6 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.
സത്യശീലന്റെ സഹോദരി ഏർപ്പാട് ചെയ്യുന്ന ഒരു ബ്ലൈൻഡ് ഡേറ്റിൽ വെച്ച് അയാൾ മോനിഷയെ പരിചയപ്പെടുന്നു. സംസാരത്തിനിടയിൽ തങ്ങൾ രണ്ടുപേരും ഒരേ സ്കൂളിൽ പഠിച്ചവരാണെന്നും രണ്ടുപേർക്കും പാതിവഴിയിൽ മുറിഞ്ഞുപോയ പ്രണയകഥകൾ ഉണ്ടെന്നും അവർ തിരിച്ചറിയുന്നു.
രണ്ടാമതൊരു ഡേറ്റിന് പോകുന്നതിന് പകരം, തങ്ങളുടെ പഴയ കാമുകരെ കണ്ടെത്തി അന്നത്തെ യഥാർത്ഥ വികാരങ്ങൾ തുറന്നുപറയാനുള്ള ഒരു യാത്രക്ക് ഇരുവരും തീരുമാനിക്കുന്നു. ഈ യാത്രയിൽ അവർക്ക് എന്ത് സംഭവിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം.
ഹരീഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ നാച്ചിയപ്പൻ, ആർ.ജെ. ഡിംപിൾ കന്ന, സരണ്‍, ശരവണൻ, എം. ശശികുമാർ, കമലേഷ് ജഗൻ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. മദനാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സൗന്ദര്യ രജനീകാന്ത്, പാസിലിയൻ നസ്രത്ത്, മഹേഷ് രാജ് പാസിലിയൻ (സയൺ ഫിലിംസ് ആൻഡ് എം.ആർ.പി എന്റർടൈൻമെന്റ്) എന്നിവർ ചേർന്നാണ് നിർമാണം.
‘എനിക്ക് ഇവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ സമ്മതിച്ച ഒരേയൊരു ചിത്രമാണിത്. മദൻ എനിക്ക് പറഞ്ഞു തന്ന കഥ വളരെ ക്യൂട്ട് ആയിരുന്നു. അത് എന്നെ ഒരുപാട് ചിരിപ്പിച്ചു. സിനിമ പൂർത്തിയാക്കിയ ശേഷം, അത് കണ്ടപ്പോൾ, ഇതൊരു മനോഹരമായ പ്രണയകഥയാണെന്ന് എനിക്ക് തോന്നി’ അനശ്വര പറഞ്ഞു.
















