നടൻ ഇന്ദ്രജിത്ത് സുകുമാരൻ പൊലീസ് വേഷത്തിൽ എത്തിയ ക്രൈം ത്രില്ലർ ചിത്രമായ ‘ധീരം’ ഒടിടിയിലേക്ക്. റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ജിതിൻ ടി. സുരേഷ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഇന്ദ്രജിത്തിനു പുറമേ അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജൽ സുദർശൻ, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ജിതിൻ ടി. സുരേഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ധീരം. സൗഗന്ദ് എസ്.യൂ ആണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രം കീടിയാണ് ധീരം. മണികണ്ഠൻ അയ്യപ്പയാണ് സംഗീതം.
സൺ നെക്സ്ടിലൂടെ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. മാർച്ച് 06 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. അതേസമയം, ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമല്ല.
















