ഉത്തരേന്ത്യയിൾ കണ്ടുവരുന്ന ആഘോഷമാണ് ഹോളി. വസന്തകാലത്തിന്റെ വരവറിയിച്ചുകൊണ്ട് എത്തുന്ന ഈ ദിനം, ജാതിമത ഭേദമന്യേ ജനങ്ങൾ പരസ്പരം നിറങ്ങൾ വാരി വിതറി ആഘോഷിക്കുന്നു. പാട്ടും ഡാൻസുമെല്ലാം ഹോളിയെ കൂടുതല്‍ മനോഹരമാക്കി മാറ്റുന്നു. മാര്‍ച്ച് നാലിനാണ് ഇക്കുറി ഹോളി എത്തുന്നത്. ഇന്ത്യയില്‍ അതിഗംഭീരമായി ഹോളി ആഘോഷിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
മഥുര
ഒരേസമയം ആത്മീയവും ആഘോഷവും നിറഞ്ഞതാണ് മഥുരയിലെ ഹോളി. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന സ്ഥലമാണ് ഉത്തര്‍പ്രദേശിലെ മഥുര. ക്ഷേത്രങ്ങളാല്‍ സമ്പന്നമായ മഥുരയില്‍ ഹോളിയില്‍ ആരാധനാലയങ്ങള്‍ വിശ്വാസികളാല്‍ നിറയും. ആകാശത്തേക്ക് പലയിടത്തു നിന്നും നിറങ്ങള്‍ ഉയര്‍ന്നു പൊങ്ങും. ഇന്ത്യയില്‍ ഏറ്റവും പരമ്പരാഗതമായ രീതിയിലുള്ള ഹോളി ആഘോഷങ്ങള്‍ ആസ്വദിക്കണമെങ്കില്‍ മഥുരയാണ് ഗംഭീരം.
വൃന്ദാവന്‍
വൃന്ദാവനിലെ ഹോളി ആഴ്ച്ചകള്‍ നീളുന്ന ആഘോഷമാണ്. പ്രശസ്തമായ ബങ്കെ ബിഹാരി ക്ഷേത്രത്തില്‍ നടക്കുന്ന പുഷ്പങ്ങള്‍ കൊണ്ടുള്ള ഹോളി ആഘോഷം പ്രസിദ്ധമാണ്. ഫൂലോം വാലി ഹോളി എന്നാണ് ഇത് അറിയപ്പെടുന്നത്. ഏകാദശി നാളിലാണ് ഇത് നടക്കുക. വിധവകളെ ആഘോഷങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്ന പതിവ് പല സമൂഹങ്ങളിലുമുണ്ട്. വൃന്ദാവനില്‍ ഹോളിക്കാലത്ത് വിധവകളെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുകയാണ് ചെയ്യുന്നത്. ഗോപിനാഥ് ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി വിധവകളുടെ ഹോളി ആഘോഷം നടക്കാറുണ്ട്. കൃഷ്ണ ഭജനുകള്‍ പാടിക്കൊണ്ട് വൃദ്ധാവനില്‍ നടക്കുന്ന ഹോളി പദയാത്രയും പ്രസിദ്ധമാണ്.
ബര്‍സാന
അല്‍പം നാടകീയമായ ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്നവരെങ്കില്‍ ബര്‍സാന അടിപൊളിയാണ്. ഇവിടെ ഹോളി ആഘോഷങ്ങള്‍ക്കിടെ കളിയായി സ്ത്രീകള്‍ പുരുഷന്മാരെ വടികൊണ്ട് അടിക്കാറുണ്ട്. രാധയുടേയും കൃഷ്ണന്റേയും കളികളുടെ ഭാഗമായാണ് ഈ രീതി. കൃഷ്ണന്‍ രാധയുടേയും ഗോപികമാരുടേയും മുഖത്ത് നിറങ്ങള്‍ തേച്ച് കളിച്ചതാണ് പിന്നീട് ഹോളിയായതെന്ന് ഐതിഹ്യവുമുണ്ട്. ബര്‍സാനയിലെ ലഡ്ഡു മാര്‍ ഹോളിയും പ്രസിദ്ധമാണ്. രാധാറാണി ക്ഷേത്രത്തിലെ പൂജാരിമാര്‍ ഭക്തര്‍ക്ക് നേരെ ലഡ്ഡു എറിഞ്ഞുകൊണ്ടാണ് ഈ ആഘോഷം തുടങ്ങുന്നത്.
ജയ്പൂര്‍
പിങ്ക് സിറ്റി എല്ലാ നിറങ്ങളാലും നിറയുന്ന ദിവസമാണ് ഹോളി. രാജസ്ഥാനി സംഗീതവും നൃത്തവും ജയ്പൂരിലെ കൊട്ടാരങ്ങളുമെല്ലാം ഇവിടുത്തെ ഹോളിക്ക് പശ്ചാത്തലമൊരുക്കും. ജയ്പൂര്‍ രാജകുടുംബത്തിന്റെ നേതൃത്വത്തില്‍ സിറ്റി പാലസില്‍ റോയല്‍ ഹോളി ആഘോഷങ്ങളും നടക്കും. ഇവിടെ പരമ്പരാഗത ചടങ്ങുകളും രാജസ്ഥാനി നാടന്‍ കലാരൂപങ്ങളും ആസ്വദിക്കാനാവും. ഗോവിന്ദ് ദേവ്ജി ക്ഷേത്രത്തിലെ ഹോളി ആഘോഷങ്ങള്‍ ഭക്തി നിര്‍ഭരമാണ്. ഹോളിയോട് അനുബന്ധിച്ച് ഡിജെ പാര്‍ട്ടികളും റെയിന്‍ഡാന്‍സുമൊക്കെ സംഘടിപ്പിക്കാറുമുണ്ട്.
വാരാണസി
കാശിയിലെ ഹോളി ആഘോഷവും തനത് രീതിയിലുള്ളതാണ്. മണികർണികാ ഘട്ടിലെ മസാന്‍ ഹോളി വാരാണസിയില്‍ മാത്രം കാണാനാവുന്ന വിചിത്രവും പ്രസിദ്ധവുമായ ചടങ്ങാണിത്. ചിതാഭസ്മം കൊണ്ടാണ് ഇവിടുത്തെ ഹോളി ആഘോഷം. കാശി വിശ്വനാഥനായ ശിവന്‍ തന്റെ ഗണങ്ങളോടൊപ്പം ശ്മശാനത്തില്‍ ഹോളി കളിക്കുന്നുവെന്നാണ് സങ്കല്‍പം. വാരാണസിയിലെ തെരുവുകളില്‍ ഹോളി ദിവസങ്ങളില്‍ വലിയ അഗ്നികുണ്ഡങ്ങല്‍ ഒരുക്കാറുണ്ട്. തിന്മയുടെ പ്രതീകമായ ഹോളികയെ എരിച്ചുകളയുന്ന ചടങ്ങിനു വേണ്ടിയാണിത്. രാവിലെ മുതല്‍ വിവിധ ഘട്ടുകളില്‍ ആയിരങ്ങള്‍ നിറങ്ങള്‍ വാരി വിതറിക്കൊണ്ട് ഹോളി ആഘോഷമാക്കും. അസിഘട്ടിലാണ് വലിയ തോതില്‍ വിദേശ സഞ്ചാരികളടക്കം ഹോളി ആഘോഷിക്കാനെത്താറുള്ളത്.
പുഷ്‌ക്കര്‍
വിദേശ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ് രാജസ്ഥാനിലെ പുഷ്‌ക്കറില്‍ നടക്കുന്ന ഹോളി ആഘോഷങ്ങള്‍. പുഷ്‌ക്കര്‍ തടാകത്തിന്റെ തീരങ്ങളില്‍ പലയിടത്തും വലിയ അഗ്നികുണ്ഡങ്ങള്‍ ഒരുക്കാറുണ്ട്. ഇത് തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ ആഘോഷമായ ഹോളിക്കു വേണ്ടിയുള്ളതാണ്. പുഷ്‌ക്കര്‍ നഗരത്തിലെ ബ്രഹ്‌മ ചൗക്ക് ഹോളി ആഘോഷത്തിന്റെ കേന്ദ്രമായി മാറാറുണ്ട്. പുരുഷന്മാര്‍ പരസ്പരം ഷര്‍ട്ടുകള്‍ വലിച്ചു കീറി എറിയുന്ന വിചിത്രമായ ചടങ്ങും പുഷ്‌ക്കര്‍ ഹോളിയുടെ ഭാഗമായുണ്ട്. ബ്രഹ്‌മ ക്ഷേത്രത്തില്‍ പൂക്കള്‍ കൊണ്ട് നടത്തുന്ന ഫൂലോണ്‍ വാലി ഹോളി ആഘോഷവും പുഷ്‌ക്കറിലെ ഹോളിയുടെ ഭാഗമാണ്.
















